| Thursday, 21st November 2019, 10:20 am

'ശിവസേനയുമായുള്ള സഖ്യം മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രം'; നിര്‍ണായക ചര്‍ച്ചയ്ക്ക് മുന്‍പ് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശിവസേനയുമായി സഖ്യം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്‍പ് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്.

‘മതേതരത്വം’ എന്ന വാക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പാര്‍ട്ടികളുടെ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി ദല്‍ഹിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായിട്ടാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.

‘ശിവസേനയുമായുള്ള സഖ്യം മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രമാവുമെന്നും കോണ്‍ഗ്രസ്-എന്‍.സി.പി ശിവസേന കൂട്ടുകെട്ടിന് സാമുദായിക അജണ്ട ഉണ്ടാവില്ലെന്നും ‘യഥാര്‍ത്ഥ ലിബറല്‍’ ആണെന്ന് ശിവസേന ഉറപ്പ് നല്‍കിയതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

എന്‍.സി.പിയുടെ മുതിര്‍ന്ന നേതാക്കളുമായി ബുധനാഴ്ച നടന്ന മാരത്തണ്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ സംസ്ഥാനത്ത് ഉടന്‍ സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

അതേസമയം മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദവി പൂര്‍ണമായും ശിവസേനയ്ക്ക് നല്‍കാതെ പകുതി വര്‍ഷം ശിവസേനയും പകുതി വര്‍ഷം എന്‍.സി.പിയും ഭരിക്കുമെന്നാണ് എന്‍.സി.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉപമുഖ്യമന്ത്രി സ്ഥാനം പൂര്‍ണമായും കോണ്‍ഗ്രസിന് ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചിട്ടുണ്ട്. കെ.സി വേണുഗോപാല്‍, അധികര്‍ രജ്ഞന്‍ ചൗധരി, അംബിക സോണി, അഹമ്മദ് പട്ടേല്‍, എ.കെ ആന്റണി എന്നിവരായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.

അതേസമയം നവംബര്‍ 30 ന് ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിന് മുന്‍പ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എന്‍.സി.പി വ്യക്തമാക്കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more