| Wednesday, 28th December 2016, 5:34 pm

ശശികല പുഷ്പയുടെ ഭര്‍ത്താവിനെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്


പാര്‍ട്ടി ആസ്ഥാനത്തെത്തിയ ലിംഗേശ്വരയേയും അനുയായികളെയും ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നു.


ചെന്നൈ: എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാംഗം ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം.

ചെന്നൈയിലെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തായിരുന്നു സംഭവം. പാര്‍ട്ടി ആസ്ഥാനത്തെത്തിയ ലിംഗേശ്വരയേയും അനുയായികളെയും ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രികയുമായി എത്തിയതായികരുന്നു ലിംഗേശ്വര തിലകന്‍. ഇദ്ദേഹത്തിനൊപ്പമെത്തിയ അഭിഭാഷകനും മര്‍ദ്ദനമേറ്റു. ലിംഗേശ്വര തിലകനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. സംഘര്‍ഷം നടക്കുന്ന സമയം ശശികല പുഷ്പ കാറിനകത്ത് ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം നാളെയാണ് ചേരുന്നത്. ലിംഗേശ്വരയും സംഘവും നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനായി ഓഫീസിലേക്ക് കടന്നെങ്കിലും പത്രിക സ്വീകരിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല.

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ എതിര്‍പ്പ് അറിയിച്ചത്. ഉടന്‍ തന്നെ പുറത്തുകാത്തുനിന്ന പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് കയറി മര്‍ദ്ദനമഴിച്ചുവിടുകയായിരുന്നു.

ഒടുവില്‍ പൊലീസ് എത്തിയാണ് ലിഗേശ്വരനേയും അഭിഭാഷകനേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും രക്ഷിച്ചത്. മര്‍ദ്ദനത്തില്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്ന അഭിഭാഷകന്റെ ചിത്രവും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജയലളിതയുടെ തോഴി ശശികല നടരാജനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആക്കാനുള്ള എ.ഐ.എ.ഡി.എം.കെയുടെ തീരുമാനത്തിനെതിരെ ശശികല പുഷ്പ നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശശികല ജയലളിതയെ വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ ആരോപണമുന്നയിച്ചിരുന്നു.

പാര്‍ട്ടിയില്‍ ഒരിടത്തും അവരുടെ പേര് ജയലളിത സൂചിപ്പിച്ചിട്ടില്ല. ആ സാഹചര്യത്തില്‍ ശശികല നടരാജനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കുന്നത് തടയണമെന്നും അവര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.


ഈ  വര്‍ഷം ആഗസ്റ്റ് 1ന് ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദല്‍ഹി ഐ.ജി.ഐ വിമാനത്താവളത്തില്‍ വെച്ച് ഡി.എം.കെ എം.പി തിരുച്ചി ശിവയെ അടിച്ചതിനെ തുടര്‍ന്നുണ്ടായ അച്ചടക്ക നടപടിയുടെ ഭാഗമായിട്ടായിരുന്നു പുറത്താകല്‍.

എന്നാല്‍ തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്ന വാര്‍ത്തകളെ അവര്‍ തള്ളിയിരുന്നു. ഇപ്പോഴും പാര്‍ട്ടി എം.പിയാണെന്നും അവര്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെങ്കില്‍ അതിനുള്ള കത്ത് കൈമാറണം. രാജ്യസഭാ രേഖകളില്‍ പോലും താന്‍ ഇപ്പോഴും എ.ഐ.എ.ഡി.എം.കെ എം.പിയാണെന്നും ശശികല പുഷ്പ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more