|

ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് തിരിച്ചടി; പരിക്കില്‍ വലഞ്ഞ് ന്യൂസിലാന്‍ഡ് കാത്തുവെച്ച ബ്രഹ്‌മാസ്ത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വപ്‌നം കാണുന്ന ന്യൂസിലാന്‍ഡിന് തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പരിക്ക്. സൂപ്പര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസനാണ് പരിക്കിന്റെ പിടിയിലായത്.

ഐ.എല്‍.ടി-20 2025ന്റെ ആദ്യ ക്വാളിഫയര്‍ മത്സരത്തിലാണ് ഡെസേട്ട് വൈപ്പേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ ഫെര്‍ഗൂസന് പരിക്കേല്‍ക്കുന്നത്. പരിക്കിന് പിന്നാലെ തന്റെ ക്വാട്ട എറിഞ്ഞ് പൂര്‍ത്തിയാക്കാതെയാണ് താരം കളംവിട്ടത്.

ദുബായ് ക്യാപ്പിറ്റല്‍സിനെതിരായ ആദ്യ ക്വാളിഫയറില്‍ പരിക്കേറ്റ താരം ഷാര്‍ജ വാറിയേഴ്‌സിനെതിരായ എലിമിനേറ്റര്‍ മത്സരത്തില്‍ കളിച്ചിരുന്നില്ല. സാം കറനാണ് ഫെര്‍ഗൂസന്റെ അഭാവത്തില്‍ ക്യാപ്റ്റന്റെ റോളിലെത്തിയത്.

ഈ മത്സരത്തില്‍ വിജയിച്ചതോടെ വൈപ്പേഴ്‌സ് രണ്ടാം ഫൈനലിനും യോഗ്യത നേടി. ദുബായ് ക്യാപ്പിറ്റല്‍സിനെയാണ് ടീമിന് നേരിടാനുള്ളത്. കലാശപ്പോരാട്ടത്തിലും ഫെര്‍ഗൂസന്റെ അഭാവത്തില്‍ തന്നെ വൈപ്പേഴ്‌സ് കളത്തിലിറങ്ങും.

അതേസമയം, പരിക്കിന് പിന്നാലെ ഫെര്‍ഗൂസന്‍ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേനായിരുന്നു. താരത്തിന്റെ ആരോഗ്യത്തെ കുറിച്ച് ന്യൂസിലാന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് സംസാരിച്ചിരുന്നു. പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക ടീമുകള്‍ക്കെതിരായ ട്രൈസീരീസിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോക്കി സ്‌കാനിങ്ങിന് വിധേയനായി. റേഡിയോളജിസ്റ്റിന്റെ വിശദമായ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. പരിക്കിന്റെ തോത് എത്രത്തോളമാണെന്ന് അപ്പോള്‍ മാത്രമേ അറിയാന്‍ സാധിക്കൂ.

പ്രത്യക്ഷത്തില്‍ ചെറിയ ഹാംസ്ട്രിങ് ഇന്‍ജുറി മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. (ചാമ്പ്യന്‍സ് ട്രോഫിക്കായി) ലോക്കി പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുമോ അതോ പകരക്കാരനെ കണ്ടെത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് അതേക്കുറിച്ചുള്ള ഉപദേശത്തിനായി കാത്തിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ന്യൂസിലാന്‍ഡ് സ്‌ക്വാഡ് (നിലവില്‍)

മാര്‍ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), മാറ്റ് ഹെന്റി, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കെയ്ന്‍ വില്യംസണ്‍, വില്‍ ഒ റൂര്‍ക്ക്, വില്‍ യങ്, മൈക്കല്‍ ബ്രേസ്‌വെല്‍, ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര, ബെന്‍ സിയേഴ്സ്, നഥാന്‍ സ്മിത്, ലോക്കി ഫെര്‍ഗൂസന്‍.

ഫെബ്രുവരി 12നാണ് എല്ലാ ടീമുകളും തങ്ങളുട ഫൈനല്‍ സ്‌ക്വാഡ് സമര്‍പ്പിക്കേണ്ടത്. അതിനകം ഫെര്‍ഗൂസന് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം, ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള ട്രൈസീരീസിന്റെ മുന്നൊരുക്കത്തിലാണ് കിവികള്‍. ഐ.സി.സി മെഗാ ഇവന്റിന് തൊട്ടുമുമ്പ് രണ്ട് സൂപ്പര്‍ ടീമുകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള അവസരമാണ് ന്യൂസിലാന്‍ഡിനുള്ളത്.

ശനിയാഴ്ചയാണ് ന്യൂസിലാന്‍ഡ് പരമ്പരയില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. പാകിസ്ഥാനാണ് എതിരാളികള്‍.

Content highlight: Ahead of ICC Champions Trophy, Lockie Ferguson suffers hamstring injury

Video Stories