| Friday, 25th September 2020, 7:49 am

ബീഹാര്‍ തെരഞ്ഞെടുപ്പാണെങ്കിലും കാര്‍ഷിക ബില്ലില്‍ നിതീഷ് കുമാറിന് അവ്യക്തതയില്ല; നിലപാട് പരസ്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകരുടെ രാജ്യവ്യാപകമായ പ്രതിഷേധം നടക്കാനിരിക്കെ ബില്ലിനെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

സമരം തീര്‍ത്തും അനാവശ്യമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കര്‍ഷകര്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ബീഹാറിലും ശക്തമായ രീതിയില്‍ കര്‍ഷക പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് നിതീഷ് കുമാര്‍ കാര്‍ഷിക ബില്ലിന് പരസ്യമായ പിന്തുണയുമായി രംഗത്തെത്തിയത്.

അതേസമയം ബീഹാറിലെ മുഖ്യപ്രതിപക്ഷമായ രാഷ്ട്രീയ ജനതാദള്‍ കേന്ദ്രം അവതരിപ്പിച്ച മൂന്ന് ബില്ലുകള്‍ക്കെതിരെയും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിതീഷ് കുമാര്‍ കാര്‍ഷിക ബില്ലില്‍ മെല്ലപ്പോക്ക് നയം സ്വീകരിക്കുമെന്ന് അനുമാനങ്ങള്‍ ബീഹാറിലെ പ്രതിക്ഷ പാര്‍ട്ടികള്‍ക്കിടയിലുണ്ടായിരുന്നു.

എന്നാല്‍ ഇതിനിടയിലാണ് ബില്ലിനെ അനുകൂലിച്ചും, കര്‍ഷക സമരം തീര്‍ത്തും അനാവശ്യമാണെന്നും പറഞ്ഞ് നിതീഷ് കുമാര്‍ രംഗത്തെത്തിയത്.

ഫാം ബില്ലിനെക്കുറിച്ച് ഒന്നും അറിയാത്തവരാണ് ബില്ലിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ ശക്തമാകുന്നതിനിടയിലായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിനെതിരെ വെള്ളിയാഴ്ച്ച ശക്തമായ കര്‍ഷക പ്രതിഷേധം ഇന്ന് നടക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്ല് 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്ല്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ബില്ല് എന്നിവയ്‌ക്കെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. നേരത്തെ പഞ്ചാബില്‍ നിന്ന് ആരംഭിച്ച കര്‍ഷക പ്രതിഷേധം ഹരിയാനയിലേക്കും ഉത്തര്‍പ്രദേശിലേക്കും വ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ahead Of Farmers’ Protest, Nitish Kumar Supports Farm Bills

We use cookies to give you the best possible experience. Learn more