293 ദിവസമായി ശംഭുവിലും ഖനൗരിയിലും കർഷകർ പ്രതിഷേധിക്കുകയാണ് ഞായറാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കിസാൻ മസ്ദൂർ മോർച്ച (കെ.എം.എം) നേതാവ് സർവാൻ സിങ് പന്ദേർ പറഞ്ഞു.
ഫെബ്രുവരി 18 മുതൽ സർക്കാർ കർഷകരുമായി ഒരു ചർച്ചയിലും ഏർപ്പെട്ടിട്ടില്ലെന്ന് പ്രസ്താവിച്ച അദ്ദേഹം ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ചു. കേന്ദ്രം ചർച്ച ഒഴിവാക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം കർഷകർ കരാർ കൃഷി നിരസിക്കുന്നുവെന്നും പകരം വിളകൾക്ക് എം.എസ്.പി നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പിയൂഷ് ഗോയൽ , നിത്യാനന്ദ് റായ് എന്നിവരടങ്ങുന്ന മൂന്നംഗ പാനൽ ഫെബ്രുവരി 18ന് കർഷക പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും പയറുവർഗ്ഗങ്ങൾ, ചോളം, പരുത്തി എന്നിവ അഞ്ച് വർഷത്തേക്ക് എം.എസ്.പി നിരക്കിൽ വാങ്ങാനുള്ള കേന്ദ്രത്തിൻ്റെ നിർദേശം കർഷകർ നിരസിച്ചു .
എം.എസ്.പിയുടെ നിയമപരമായ ഗ്യാരണ്ടി കൂടാതെ, കർഷക വായ്പ എഴുതിത്തള്ളുക, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത്, പൊലീസ് കേസുകൾ പിൻവലിക്കുക, 2021 ലെ ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്ക് നീതി ഉറപ്പാക്കുക എന്നിവയാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമവും മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും നൽകാനും അവർ ആവശ്യപ്പെടുന്നുണ്ട്.
കർഷകരുടെ ആദ്യ സംഘം ഡിസംബർ ആറിന് ദൽഹിയിലേക്ക് മാർച്ച് ആരംഭിക്കുമ്പോൾ, കേരളം, ഉത്തരാഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളിലെ മറ്റ് കർഷക സംഘടനകളും അതത് സംസ്ഥാന അസംബ്ലികളിലേക്ക് മാർച്ച് നടത്തുമെന്ന് മറ്റൊരു കർഷക നേതാവ് ഗുരംനീത് സിങ് പറഞ്ഞു.
Content Highlight: Ahead of farmers’ protest, massive traffic jam, barricading on Noida-Delhi roads