ബിഹാറില്‍ മഹാസഖ്യത്തില്‍ വിള്ളല്‍; ജിതന്‍ റാം മാഞ്ചി എന്‍.ഡി.എയിലേക്ക്
Bihar Election
ബിഹാറില്‍ മഹാസഖ്യത്തില്‍ വിള്ളല്‍; ജിതന്‍ റാം മാഞ്ചി എന്‍.ഡി.എയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th July 2020, 9:46 pm

പാട്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാസഖ്യത്തിന് ആശങ്കയേറ്റി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലര്‍ എന്‍.ഡി.എയിലേക്കെന്ന് റിപ്പോര്‍ട്ട്. മഹാസഖ്യത്തിലെ സീറ്റ് ചര്‍ച്ചകളില്‍ മാഞ്ചിയുടെ പാര്‍ട്ടി അതൃപ്തരാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 10 നുണ്ടാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിക്കുന്നത്.

‘സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ അവസാനതിയതി കഴിഞ്ഞിരിക്കുന്നു. ഭാവി നടപടികളെന്തെന്ന് പാര്‍ട്ടി തലവന്‍ ജിതന്‍ റാം മാഞ്ചി പ്രഖ്യാപിക്കും. ജൂലൈ 10 ന് കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം ചിത്രം തെളിയും.’, പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്‌വാന്‍ പറഞ്ഞു.

ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലറിന് നിലവില്‍ ബിഹാര്‍ അസംബ്ലിയിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലും ഓരോ വീതം അംഗങ്ങളാണുള്ളത്.

അതേസമയം എന്‍.ഡി.എ നയങ്ങളുമായി യോജിക്കുന്ന പാര്‍ട്ടികളെ ചേര്‍ക്കുമെന്ന് ബി.ജെ.പി വക്താവ് നിഖില്‍ ആനന്ദ് പറഞ്ഞു. എന്‍.ഡി.എയ്ക്കുള്ളില്‍ നിന്ന് എല്‍.ജെ.പി ഇതിനോടകം സര്‍ക്കാരിനെതിരെ വിമതസ്വരം ഉയര്‍ത്തുന്നതിനാല്‍ ജിതന്‍ റാം മാഞ്ചിയെ ഒപ്പം നിര്‍ത്താനാണ് ബി.ജെ.പിയുടേയും ജെ.ഡി.യുവിന്റേയും ശ്രമം.

ബിഹാറില്‍ കുറച്ചുകാലം മുഖ്യമന്ത്രിയായിരുന്ന ജിതന്‍ റാം മാഞ്ചി, നിതീഷ് കുമാറിനെ എതിര്‍ത്ത് ജെ.ഡി.യു വിട്ടാണ് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പാര്‍ട്ടിയുണ്ടാക്കിയത്. എന്‍.ഡി.എ സഖ്യത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

നിതീഷ് എന്‍.ഡി.എയില്‍ തിരിച്ചെത്തിയോടെയാണ് മാഞ്ചി മഹാസഖ്യത്തോടൊപ്പം ചേര്‍ന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ