ലക്‌നൗ: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അമേത്തി സന്ദര്‍ശനത്തിനു തൊട്ടുമുന്നേ മേത്തിയിലെ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. താന്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന പ്രഖ്യാപനത്തോടെയാണ് ജങ് ബഹദൂര്‍ സിങ്ങിന്റെ രാജി പ്രഖ്യാപനം.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലെ നേതാവാണ് പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. 2003 – 2007 കാലയളവില്‍ ബി.എസ്.പി എം.എല്‍.എയായിരുന്ന ബഹദൂര്‍ ഇതിനു ശേഷമായിരുന്നു കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്.
“കോണ്‍ഗ്രസിന്റെ നയങ്ങളിലും തീരുമാനങ്ങളിലും താന്‍ നിരാശനാണ്. വികസന- കേന്ദ്രീകൃതമായ ബി.ജെ.പിയുടെ നയങ്ങളില്‍ ആവേശഭരിതനും” എന്ന പ്രസ്താവനയോടെയാണ് കോണ്‍ഗ്രസ് നേതാവ് രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് നേതാവിന്റെ രാജി പ്രഖ്യാപനം.
“രണ്ടുതവണ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ടും കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടപ്പിലാക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. അമേത്തി ഇപ്പോഴും അനാഥമായി കിടക്കുകയാണ് തകര്‍ന്ന റോഡുകളോടെ” അദ്ദേഹം പറഞ്ഞു. സ്മൃതി ഇറാനി കേന്ദ്ര മന്ത്രിയായതിനുശേഷം മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നുതുടങ്ങിയെന്നും അദ്ദേഹം പറയുന്നു.
കോണ്‍ഗ്രസ് മണ്ഡലത്തെ അവഗണിക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും സ്മൃതി ഇറാനി നാടിന്റെ വികസനകാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നുണ്ടെന്നും ഇതാണ് എന്നെ ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.