ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൊല്‍ക്കത്ത: ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ സന്ദര്‍ശനത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് ബംഗാളില്‍ ബി.ജെ.പിക്കു തിരിച്ചടി. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുള്ള ഗരുലിയ മുനിസിപ്പാലിറ്റിയുടെ ഭരണം ബി.ജെ.പിക്കു നഷ്ടപ്പെട്ടു.
അവിശ്വാസ പ്രമേയത്തെത്തുടര്‍ന്നു സുനില്‍ സിങ് ചെയര്മാന് സ്ഥാനം രാജിവെച്ചതോടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും മുനിസിപ്പാലിറ്റിയുടെ ഭരണമേറ്റെടുത്തു.
സുനില്‍ സിങ് ബി.ജെ.പി എം.പി അര്ജുന് സിങ്ങിന്റെ ബന്ധുവാണ്. കുറച്ചുമാസങ്ങള്‍ക്കു മുന്‍പാണ് അദ്ദേഹം ബി.ജെ.പിയിലെത്തിയത്.
തൃണമൂലിന് 13 കൗണ്‍സിലര്‍മാരുടെയും ബി.ജെ.പിക്ക് ഏഴ് കൗണ്‍സിലര്‍മാരുടെയും പിന്തുണയാണ് ഇപ്പോഴുള്ളത്. അതോടെയാണു താന്‍ രാജിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് സുനില്‍ മാധ്യമങ്ങളോടു പറഞ്ഞു.
സുനില്‍ ഈമാസം ജൂണില്‍ ബി.ജെ.പിയിലേക്കു വന്നതോടെയാണ് 21 അംഗ മുനിസിപ്പാലിറ്റിയില്‍ ബി.ജെ.പി ഭരണത്തിലെത്തിയത്. സുനിലിനൊപ്പം 11 കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയിലേക്കു ചേക്കേറിയിരുന്നു.
എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ 11 പേര് തൃണമൂലിലേക്കു തിരിച്ചുപോയി. ഇത് ബി.ജെ.പിയുടെ അംഗസംഖ്യ ഏഴായിച്ചുരുക്കി.
ഇതോടെയാണു തൃണമൂല്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈയാഴ്ച നടന്ന പ്രമേയത്തില്‍ ബി.ജെ.പിക്കു ഭൂരിപക്ഷം തെളിയിക്കാനായില്ല.
തൃണമൂല്‍ കൗണ്‍സിലര്‍മാരെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണെന്ന് തൃണമൂല്‍ ജില്ലാ പ്രസിഡന്റും മന്ത്രിയുമായ ജ്യോതിപ്രിയോ മുല്ലിക് ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിക്കു സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കൃത്യമായ മേല്‍ക്കൈ ലഭിച്ചിരുന്നു. ഗരുലിയ അടക്കം ഏഴ് മുനിസിപ്പാലിറ്റികളിലാണ് അവര്‍ ഭരണത്തിലെത്തിയത്.
ഇതൊക്കെയും കൂറുമാറ്റത്തിലൂടെയെത്തിയ കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ അര്ജുന് സിങ്ങിന്റെ ശക്തികേന്ദ്രമായ ഭത്പര മുനിസിപ്പാലിറ്റി ഒഴികെയുള്ള ആറെണ്ണവും തൃണമൂലിന്റെ കൈകളില്‍ തിരിച്ചെത്തി.
ഇന്ന് വൈകിട്ടോടെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ സംസാരിക്കാന്‍ അമിത് ഷാ കൊല്‍ക്കത്തയിലെത്തുന്നത്.