ന്യൂദല്‍ഹി: വ്യാജവാര്‍ത്ത തടയുന്നതിനും കൃത്യമായ വിവരങ്ങള്‍ അണികളിലെത്തിക്കുന്നതിനും വേണ്ടി 1800 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ദല്‍ഹി ബി.ജെ.പി. ഇതില്‍ എല്ലാത്തിലും അമിത് ഷാ അംഗമാവും. 2019ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബി.ജെ.പിയുടെ നീക്കം.
പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരെയും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് തടയലും കൃത്യം വിവരങ്ങളെത്തിക്കലുമാണ് ലക്ഷ്യമെന്നും ദല്‍ഹി ബി.ജെ.പി സോഷ്യല്‍മീഡിയ യൂണിറ്റിലെ മീഡിയ റിലേഷന്‍സ് തലവന്‍ നീല്‍കാന്ത് ബക്ഷി പറഞ്ഞു.
അമിത് ഷായെ കൂടാതെ ദല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരിയും ഗ്രൂപ്പുകളിലുണ്ടാകുമെന്ന് ബക്ഷി പറഞ്ഞു.
നേരത്തെ ഉത്തര്‍പ്രദേശ് ബി.ജെ.പിയും സമാനമായ രീതിയില്‍ “സൈബര്‍സേന” രൂപീകരിച്ചിരുന്നു. 2 ലക്ഷത്തോളം പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി എല്ലാ പോളിംങ് ബൂത്തിലേക്കും ഓരോ ടീമെന്ന നിലയ്ക്ക് അയക്കുമെന്ന് യു.പി ബി.ജെ.പി പറഞ്ഞിരുന്നു.
വ്യാജവാര്‍ത്തകളും വര്‍ഗീയ പ്രചരണങ്ങളും നടത്തുന്നുവെന്നും ആരോപണം നേരിടുന്നതിനിടെയാണ് ബി.ജെ.പി ഐ.ടി വിഭാഗത്തിന്റെ കീഴില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാട്‌സ്ആപ്പ് ഗ്രൂപ്പുകളൊരുങ്ങുന്നത്.