നെപ്പോ കിഡ് എന്നപേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ നേരിടുന്ന നടിയാണ് അഹാന കൃഷ്ണ. എന്നാല്‍ തന്റെ അച്ഛന്‍ നടന്‍ ആയതുകൊണ്ട്, തനിക്ക് സിനിമയില്‍ അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല എന്ന് പറയുകയാണ് താരം. സിനിമയിലുണ്ടാകുന്ന തിരിച്ചടികള്‍ ഒന്നും തന്നെ ബാധിക്കാറില്ലെന്നും അഹാന പറഞ്ഞു.
‘അച്ഛനൊരു നടനായതുകൊണ്ട് എനിക്ക് കിട്ടുന്ന ഒരേയൊരു അഡ്വാന്റേജ്, എനിക്ക് ഒരാളെ വിളിക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെയെങ്കിലും നമ്പര്‍ ഒപ്പിച്ച് തരാന്‍ പറ്റും എന്നതാണ്. അതിന്റെ അപ്പുറത്തേക്ക് പിന്നെ ഒന്നും ചെയ്ത് തരാന്‍ പറ്റില്ല. പിന്നെ ബാക്കിയുള്ളതൊക്കെ എന്റെ ഭാഗ്യം പോലെയിരിക്കും.
എനിക്ക് ഓര്‍മ വെച്ച കാലംമുതല്‍ എന്റെ അച്ഛന്‍ ഒരു നടനാണ്. യഥാര്‍ത്ഥത്തില്‍ ഞാന്‍ ജനിക്കുന്നതിന് മുമ്പേ അച്ഛന്‍ ആക്ടറാണ്. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം, എന്റെ ആദ്യത്തെ സിനിമ കഴിഞ്ഞ് വേറെ ഓഫേഴ്‌സ് ഒന്നും വരാതിരുന്നപ്പോള്‍ ഞാന്‍ ഡിപ്രഷനിലേക്ക് ഒന്നും പോകാതിരുന്നത്.
കാരണം ഇത് പാര്‍ട്ട് ഓഫ് ദി ഗെയിമാണെന്ന് എനിക്ക് നേരത്തെ തന്നെയറിയാം. ഇപ്പോഴും അങ്ങനെ തന്നെയാണ്. അതായത് ഞാന്‍ വലിയൊരു സിനിമയില്‍ സൈന്‍ ചെയ്ത് കഴിഞ്ഞിട്ട് എന്നെ ഒഴിവാക്കിയാലും എനിക്ക് പ്രശ്‌നമില്ല. അതിലൊരു വിഷമം ഉറപ്പായും ഉണ്ടാകും, എന്നാല്‍ ഞാന്‍ ഇല്ലാതായി പോവുകയോ, തകര്‍ന്നുപോവുകയോ ചെയ്യില്ല.
കാരണം ഇതൊക്കെ ഇവിടെ സംഭവിക്കുന്ന കാര്യങ്ങളാണെന്ന് ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്റെ ജീവിതമാണ് എന്ന് ഞാന്‍ പറയില്ല. സിനമ എന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. ഇക്കാര്യങ്ങളൊക്കെ ഞാന്‍ നേരത്തെ തന്നെ മനസിലാക്കി വെച്ചിട്ടുണ്ട്,’ അഹാന പറഞ്ഞു.
മമ്മൂട്ടി ആരാധികയായ പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന നാന്‍സി റാണിയാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. നവാഗതനായ ജോസഫ് മനു ജയിംസാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.
അജു വര്‍ഗീസ്, മല്ലിക സുകുമാരന്‍, ലാല്‍, ശ്രീനിവാസന്‍, മാമുക്കോയ, സണ്ണി വെയ്ന്‍, കോട്ടയം പ്രദീപ്, ഇന്ദ്രന്‍സ്, ലെന, വിശാഖ് നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ വേഷമിടുന്നു.
content highlight: ahana krishna share her opinion