അഭിനേത്രി എന്നതിന് പുറമേ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് അഹാന കൃഷ്ണ. രണ്ട് മില്യണിലധികം ഫോഴോവേഴ്‌സാണ് അഹാനക്കുള്ളത്. ഇത്രയും ഫോളോവേഴ്‌സുള്ളത് കൊണ്ടു തന്നെ അത്തരത്തിലുള്ള ഉത്തരവാദിത്തവും പോസ്റ്റ് ചെയ്യുന്ന കണ്ടന്റില്‍ കാണിക്കാറുണ്ടെന്ന് പറയുകയാണ് അഹാന.
ആദ്യമൊന്നും ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും എന്നാല്‍ പല സ്ഥലങ്ങളില്‍ വെച്ചും ആളുകള്‍ തന്റെ വീഡിയോയെ പറ്റി പറയാന്‍ തുടങ്ങിയതോടെ ആ ഉത്തരവാദിത്തം തന്നെ വന്നുവെന്നും ഫില്‍മി ഹുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അഹാന പറഞ്ഞു.
‘ആദ്യമൊക്കെ അതൊരു ഉത്തരവാദിത്തമാണെന്ന് മനസിലാവാറുണ്ടായിരുന്നില്ല. എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 5000 ഫോളോവേഴ്‌സ് ഉണ്ടായിരുന്നപ്പോള്‍ എങ്ങനെയാണോ ബിഹേവ് ചെയ്തത് അതുപോലെ തന്നെയാണ് ഇപ്പോഴും പെരുമാറുന്നത്. നമ്പര്‍ കൂടുന്നത് ശ്രദ്ധിക്കാറില്ല.
എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ നമുക്ക് ആ ഉത്തരവാദിത്തം മനസിലാവും. കാരണം ചില സ്ഥലങ്ങളില്‍ പോകുമ്പോള്‍ ചേച്ചി അന്ന് പറഞ്ഞ ആ ഡ്രസില്ലേ അതാ ഞാന്‍ വാങ്ങിച്ചത്, അന്ന് പറഞ്ഞ ക്രീം വാങ്ങി എന്നൊക്കെ ചിലര്‍ പറയും. അങ്ങനൊക്കെ പറയുമ്പോള്‍ മനസിലാവും.
കുറച്ച് നാളുകള്‍ക്ക് മുമ്പ് എന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ എന്റെ പ്രായമുളള ഒരു പയ്യന്‍ എന്നോട് പറയുകയാണ് ഈയടുത്ത് ഫാഷന്‍ഫ്രൂട്ട് കഴിക്കുന്ന ഒരു വീഡിയോ ഇട്ടില്ലായിരുന്നോ, എന്റെ ഗ്രാന്റ് മദര്‍ അത് വീട്ടില്‍ ടി.വിയില്‍ ഇട്ട് കണ്ടോണ്ടിരിക്കുകയായിരുന്നു എന്ന്. എനിക്ക് അത്ഭുതമായി. അത്രത്തോളം ആള്‍ക്കാരിലേക്ക് ഇത് എത്തുന്നുണ്ടെന്ന് അപ്പോഴാണ് എനിക്ക് മനസിലാവുന്നത്. ചില സാഹചര്യങ്ങളിലൂടെ പോകുമ്പോള്‍ ഒരു വലിയ വിഭാഗം ആളുകള്‍ നമ്മെ കേള്‍ക്കുന്നുണ്ടെന്ന് മനസിലാവും,’ അഹാന പറഞ്ഞു.
‘പിന്നെ കണ്ടന്റ് ഇടുമ്പോള്‍ കുറച്ച് ഉത്തരവാദിത്തമുണ്ടാവും. ഞാന്‍ ഇടുന്ന വീഡിയോയുടെയെല്ലാം പരിപൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. വെറുതെ ഒരു കണ്ടന്റ് ഞാന്‍ ഇടില്ല. താല്‍പര്യമില്ലാത്ത ഒരു കണ്ടന്റ് ഞാന്‍ ഇടില്ല, എത്ര രൂപ തരാമെന്ന് പറഞ്ഞാലും. എത്ര രൂപ തന്നാലും എന്റെ ക്രഡിബിളിറ്റിക്ക് പകരമാവില്ല. 50 കോടി തരാമെന്ന് പറഞ്ഞാലും അതിന് പകരം എന്റെ വിശ്വാസ്യത വില്‍ക്കില്ല.
എന്ത് സാധനമാണെങ്കിലും എനിക്ക് അംഗീകരിക്കാന്‍ പറ്റുന്നതാണോ എന്ന് നോക്കും. അല്ലെങ്കില്‍ വേണ്ട എന്ന് പറയും. അവര്‍ക്ക് മാറ്റാന്‍ പറ്റുന്നതാണെങ്കില്‍ അത് പറയും,’ അഹാന കൂട്ടിച്ചേര്‍ത്തു.
Content Highlight: Ahana krishna says that with so many followers, such responsibility is shown in her content