ഷെഫ് സുരേഷ് പിള്ളയുടെ ഹിറ്റായ ഫിഷ് നിര്‍വാണ; രുചിച്ച് അഭിപ്രായം പറഞ്ഞ് അഹാന, വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി സുരേഷ് പിള്ള
Entertainment
ഷെഫ് സുരേഷ് പിള്ളയുടെ ഹിറ്റായ ഫിഷ് നിര്‍വാണ; രുചിച്ച് അഭിപ്രായം പറഞ്ഞ് അഹാന, വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി സുരേഷ് പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th April 2021, 11:47 am

ഭക്ഷണപ്രേമികളെ ഈയടുത്തായി ഏറെ കൊതിപ്പിച്ച വിഭവമാണ് ഷെഫ് സുരേഷ് പിള്ളയുടെ ഫിഷ് നിര്‍വാണ. കൊല്ലം റാവിസില്‍ സുരേഷ് പിള്ളയുണ്ടാക്കിയ ഫിഷ് നിര്‍വാണയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഇപ്പോഴിതാ നടി അഹാന കൃഷ്ണയും നിര്‍വാണ രുചിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയും മറ്റും തന്നെ കൊതിപ്പിച്ച വിഭവം കഴിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് അഹാന വീഡിയോയില്‍ പറഞ്ഞു.

നല്ല രുചിയുള്ള വിഭവമായിരുന്നുവെന്നും അഹാന പറഞ്ഞു. ഈ വീഡിയോക്ക് താഴെ ചിലര്‍ വിമര്‍ശനവുമായെത്തിയിരുന്നു. പോസ്റ്റിന് താഴെ തെറിവിളികളുമായെത്തിയവര്‍ക്ക് ഷെഫ് സുരേഷ്പിള്ള നല്‍കിയ മറുപടി ഇങ്ങനെയാണ്.

‘ഭക്ഷണം കഴിച്ചതിന് ശേഷം ഇനിയല്പം രുചി കുറഞ്ഞാല്‍പോലും അതുണ്ടാക്കിയ ഷെഫിനെ വിളിച്ച് അഭിനന്ദിക്കുന്ന പല രാജ്യങ്ങളിലും ജോലി ചെയ്ത അനുഭവമുണ്ട്.

നമ്മുടെ നാട്ടില്‍ ഭക്ഷണമുണ്ടാക്കുന്നവരെ പണ്ടാരി, വെപ്പുകാരന്‍, കുശിനി, പാചകക്കാരന്‍ എന്നൊക്കെ കളിയാക്കി വിളിക്കുന്ന ഒരു കാലമുണ്ടായിരുന്നു( ഇപ്പോഴും) അതിനോടൊപ്പം കുറ്റപ്പെടുത്തലുകളും. ചെയ്യുന്ന തൊഴിലിനെ മറ്റുള്ള സഹജീവികള്‍ അംഗീകരിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ഹോട്ടല്‍ തൊഴിലാളികള്‍ക്ക് മാത്രമല്ല എല്ലാ മേഖലയിലും പണിയെടുക്കുന്നവര്‍ക്ക് ഉള്ളതാണ്.

ഇങ്ങനെയുള്ള വീഡിയോകള്‍ ഇടുന്നത് കണ്ടെങ്കിലും മറ്റ് രാജ്യങ്ങളിലെ പോലെ പല പ്രതികൂല സാഹചര്യങ്ങളിലും ഭക്ഷണമുണ്ടാക്കിത്തരുന്നവരെ (സ്വന്തം അമ്മയുള്‍പ്പടെ) വാക്കുകള്‍ കൊണ്ടെങ്കിലും നിങ്ങള്‍ക്ക് സന്തോഷിപ്പിക്കാനാവുമെന്ന് കരുതിയാണ്.
2013 ല്‍ തുടങ്ങിയ പേജാണ്. കഴിയുന്നതും ഭക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ചെയ്യുന്നത്.

അതിഷ്ടപ്പെടുന്ന ഒരുപാട് കൂട്ടുകാരുടെ ഒരിടമാണിത്. എന്നെ അറിയുന്നവര്‍ക്ക് അറിയാം എന്റെ മതവും രാഷ്ട്രീയവും ഭക്ഷണമാണെന്ന്. തെറിയും വിദ്വേഷവും എഴുതി നിറക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഫേസ്ബുക്കില്‍ നൂറുകണക്കിന് ഇടമുണ്ട്. ദയവായി അവിടം ഉപയോഗിക്കുക. ഇവിടം സ്വര്‍ഗ്ഗമാണ്,’ സുരേഷ് പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Ahana krishna says about fish nirvana