| Tuesday, 25th July 2023, 6:05 pm

'നൂറുരൂപ പോലും കയ്യിലില്ലാത്ത സാഹചര്യമുണ്ടായിട്ടുണ്ട്; സഹായം ആവശ്യമുള്ള ധാരാളം ആളുകൾ ഉണ്ട്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന സമ്പാദ്യം മറ്റുള്ളവരെ സഹായിക്കാൻ കൂടി പ്രയോജനപ്പെടുത്താറുണ്ടെന്ന് നടി അഹാന കൃഷ്ണ. നൂറുരൂപ പോലും കയ്യിൽ ഇല്ലാതിരുന്ന സാഹചര്യം ഉണ്ടായിരുന്നെന്നും പണം അനാവശ്യമായി ചിലവാക്കാറില്ലെന്നും അഹാന പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

തനിക്ക് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന വരുമാനം എങ്ങനെയായിരിക്കും ചെലവാക്കുന്നതെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അഹാന.

‘സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന വരുമാനം ഞാൻ എന്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കാറുണ്ട്. എന്റെ അമ്മയെ യാത്രകൾ കൊണ്ടുപോകാറുണ്ട്, പിന്നെ എനിക്കുവേണ്ടി ചെലവഴിക്കുന്നുണ്ട്. സഹായം ആവശ്യമുള്ള ഒത്തിരി ആളുകൾ ഉണ്ടാകും അവരെയൊക്കെ സഹായിക്കാറുണ്ട്.

ഒരു സാഹചര്യത്തിൽ ഞങ്ങളെ ഒരുപാട് ആളുകൾ സഹായിച്ചിട്ടുണ്ട്. ആളുകൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഇങ്ങോട്ട് ചോദിക്കാൻ നല്ല മടിയായിരിക്കും. അതെനിക്കറിയാം. അതുകൊണ്ട് അവർക്ക് കൊടുക്കാറുണ്ട്.

ചോദിക്കാതെ പണം കൊടുക്കുന്നതുകൊണ്ട് ഞാൻ ഒരു നന്മ മരം ആണെന്നല്ല പറയുന്നത്. ഞാൻ പറയുന്നത് കേട്ടാൽ തോന്നും അംബാനി കഴിഞ്ഞാൽ ഏറ്റവും വലിയ പണക്കാരി ഞാൻ ആണെന്ന്. അങ്ങനെയല്ല, എനിക്ക് കിട്ടുന്ന വരുമാനം ഞാൻ സൂക്ഷിച്ചുവെക്കും. ഇപ്പോൾ വരുമാനത്തിനുള്ള വഴി എനിക്കുണ്ട് ഇനിയും അത് ഉണ്ടാകുമോയെന്നു നമുക്ക് പറയാൻ പറ്റില്ല. നൂറുരൂപ പോലും കയ്യിൽ എടുക്കാനില്ലാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്.

ചെറിയ തുകയാണെങ്കിൽ പോലും ഞാൻ നല്ല വില കൊടുക്കുന്നുണ്ട്. എന്നുവെച്ച് പണം കൂട്ടി വെക്കാൻ മാത്രമുള്ളതല്ല. ചിലപ്പോൾ സന്തോഷം പണം കൊടുത്ത് വാങ്ങിക്കാനും കഴിയും,’ അഹാന പറഞ്ഞു.

രതീഷ് രവി തിരക്കഥയെഴുതി പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അടി ആണ് ഒടുവിൽ ഇറങ്ങിയ അഹാനയുടെ ചിത്രം. ദുൽഖർ സൽമാൻ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകനായത്.

ജോസഫ് മനു ജെയിംസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നാൻസി റാണിയാണ് അഹാനയുടെ ഷൂട്ടിങ് പൂർത്തിയായ ചിത്രം. അർജുൻ അശോകൻ, ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, ഇന്ദ്രൻസ്, ധ്രുവൻ, ലെന, അബു സലിം, ഇർഷാദ് അലി, സോഹൻ സീനുലാൽ, മാമുക്കോയ, മല്ലിക സുകുമാരൻ, വൈശാഖ് നായർ, ദേവി അജിത്, പ്രദീപ് കോട്ടയം തുടങ്ങിയ നീണ്ട താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Content highlights: Ahana Krishna on Social media income

Latest Stories

We use cookies to give you the best possible experience. Learn more