| Friday, 10th July 2020, 4:48 pm

'ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല, നിങ്ങള്‍ തെളിവ് കൊണ്ടുവരൂ'; ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ വിശദീകരണവുമായി അഹാന കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ വേട്ട നടന്നതുകൊണ്ടാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത സ്റ്റാറ്റസില്‍ വിശദീകരണവുമായി നടി അഹാന കൃഷ്ണ.

ഇപ്പോള്‍ തനിക്കു നേരെ വന്നിരിക്കുന്ന ആരോപണങ്ങള്‍ ആരുടെയൊക്കെയോ ഭാവനയില്‍ നിന്ന് ഉണ്ടായതാണെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ ചിലര്‍ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് അഹാന ഫേസ്ബുക്കില്‍ കുറിച്ചത്.

വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കണമെന്നാണ് അഹാന പറയുന്നത്. ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ എന്ന നിലയില്‍, കൊവിഡ് മഹാമാരിയോട് താന്‍ നിര്‍വികാരമായി പ്രതികരിച്ചു എന്ന ആരോപണം അംഗീകരിക്കാനാവില്ലെന്നും അഹാന ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

നമ്മുടെ സംസ്ഥാനത്തില്‍/നഗരത്തില്‍/രാജ്യത്തില്‍ നിലനില്‍ക്കുന്ന കൊവിഡ് വ്യാപനത്തെ കുറിച്ച് ഞാന്‍ ബോധവതിയല്ലെന്നും അതറിയണമെങ്കില്‍ ഞാന്‍ വാര്‍ത്തകള്‍ കാണണമെന്നും എന്നോട് ആവശ്യപ്പെടുന്നവരോട്, ദയവായി നിങ്ങള്‍ സത്യാവസ്ഥ അറിയാന്‍ ശ്രമിക്കുക.

ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ.

ഇപ്പോള്‍ എനിക്കു നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ആരുടെയൊക്കെയോ ഭാവനയില്‍ നിന്ന് ഉണ്ടായി വന്നതാണ്.

ഞാനൊന്ന് പറഞ്ഞു. മറ്റൊരാള്‍ അത് വേറൊരു തരത്തില്‍ വ്യാഖ്യാനിച്ചു. വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കണം.

മറ്റുള്ളവരോട് എനിക്കൊന്നും പറയാനില്ല. ചെറിയ വിദ്വേഷങ്ങളോട് പ്രതികരിക്കാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ കൊവിഡ് മഹാമാരിയോട് നിര്‍വികാരമായാണ് ഞാന്‍ പ്രതികരിച്ചത് എന്ന ആരോപണം അംഗീകരിക്കാനാവില്ല.’ എന്നായിരുന്നു അഹാന ഫേസ്ബുക്കില്‍ കുറിച്ചത്.

‘ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു,’എന്നായിരുന്നു അഹാനകൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ്.

സ്വര്‍ണവേട്ടയെ പൊളിറ്റിക്കല്‍ സ്‌കാം എന്നായിരുന്നു അഹാന വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ അഹാനാകൃഷ്ണയുടെ സ്റ്റാറ്റസിനെതിരെ നിരവധി പേര്‍ വിമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു.

അഹാന കൃഷ്ണ പറഞ്ഞത് അങ്ങേയറ്റം നിരുത്തരവാദപരവും ജനദ്രോഹവുമായ നടപടിയാണെന്നുമായിരുന്നു ഉയര്‍ന്ന വിമര്‍ശനം.

സംസ്ഥാനത്ത് കൊവിഡ് ബാധ അതീവ ഗുരുതരമായി പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ നിസ്സാരീകരിക്കുന്ന നടപടിയാണ് നടിയില്‍ നിന്നും ഉണ്ടായതെന്നും ചിലര്‍ പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more