അച്ഛന്റെ രാഷ്ട്രീയം തന്നെ മോശമായി ബാധിക്കുന്നുവെന്ന് തോന്നിയിട്ടില്ലെന്ന് അഹാന കൃഷ്ണ. അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ചോയ്‌സാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ തന്നെ അളക്കേണ്ടതില്ലെന്നും അഹാന പറഞ്ഞു. കൃഷ്ണ കുമാര്‍ ഒരു വ്യക്തിയും താന്‍ മറ്റൊരു വ്യക്തിയുമാണെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അഹാന പറഞ്ഞു.
‘അച്ഛന്റെ രാഷ്ട്രീയം എന്നെ നെഗറ്റീവായി സ്വാധീനിക്കുന്നു എന്ന് തോന്നിയിട്ടില്ല. ഇനി അങ്ങനെ ഉണ്ടെങ്കില്‍ പോലും അതില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. എന്റെ അച്ഛന്‍ പൊളിറ്റിക്കലി ആക്ടീവാണെങ്കില്‍ അത് അദ്ദേഹത്തിന്റെ ജീവിതവും അദ്ദേഹത്തിന്റെ കരിയറും അദ്ദേഹത്തിന്റെ ചോയ്‌സുമാണ്. അടി എന്ന സിനിമ ഞാന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞിട്ടാണ് അവരോട് പറയുന്നത്. അല്ലാതെ ഞാന്‍ ചെയ്‌തോട്ടെ അച്ഛാ എന്ന് ചോദിക്കുന്നില്ല.
ഇത് എന്റെ ജീവിതം. അത് അച്ഛന്റെ ജീവിതം. അച്ഛന്‍ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു, എന്തില്‍ വിശ്വസിക്കുന്നു എന്നുള്ളത് എന്നെ ബാധിക്കേണ്ട കാര്യമില്ല. അച്ഛന്‍ വളരെ സന്തോഷത്തോടെ ഒരു കാര്യം ചെയ്യുന്നു. അച്ഛനെ വെച്ച് എന്നെ ആരും ജഡ്ജ് ചെയ്യില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. എന്നെ അവിടെ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല.
കൃഷ്ണ കുമാര്‍ ഒരു വ്യക്തിയും അഹാന മറ്റൊരു വ്യക്തിയുമാണ്. നമ്മള്‍ ഒരു വീട്ടിലാണ് ജീവിക്കുന്നത് എന്ന് വെച്ച് ഒരാള്‍ പറയുന്ന കാര്യം മറ്റൊരാളുടെ ജീവിതത്തിന്റെ ഒരു ഭാഗത്തും വരാന്‍ പാടില്ല. ഇനി അങ്ങനെ ഉണ്ടെങ്കില്‍ പോലും ഇല്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം,’ അഹാന പറഞ്ഞു.
അടിയാണ് ഒടുവില്‍ റിലീസ് ചെയ്ത അഹാനയുടെ ചിത്രം. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ധ്രുവന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേ ഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: ahana krishna about the politics of krishna kumar