|

ആന്‍ഡ്രിയ ചെയ്ത കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല; ലുക്ക് ടെസ്റ്റിന് വിളിച്ചാലും നടക്കില്ലായിരുന്നു: അഹാന കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമയില്‍ നായികയാകാന്‍ ആദ്യം പരിഗണിച്ചത് അഹാന കൃഷ്ണയെ അണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഫഹദ് ഫാസില്‍ നായകനായ സിനിമയില്‍ നായികയായി വേഷമിട്ടത് ആന്‍ഡ്രിയയായിരുന്നു. ആ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് അഹാന.

ആ ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നുവെന്ന് അച്ഛനും അമ്മയുമാണ് പറഞ്ഞതെന്നും ലുക്ക് ടെസ്റ്റ് നടത്തുന്നതിന് വേണ്ടി താന്‍ പോയാലും അത് വര്‍ക്കൗട്ടാകില്ലായിരുന്നു എന്നും താരം പറഞ്ഞു. ആന്‍ഡ്രിയ അവതരിപ്പിച്ച കഥാപാത്രം തനിക്ക് ചേരുന്നതല്ലെന്നും അന്ന് 15 വയസായിരുന്നു തനിക്കുണ്ടായിരുന്നതെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അഹാന കൂട്ടിച്ചേര്‍ത്തു.

‘അന്നയും റസൂലിലും എന്നെ കാസ്റ്റ് ചെയ്തിട്ടൊന്നുമില്ലായിരുന്നു. അതില്‍ എന്നെ വിളിച്ചിട്ടുണ്ടായിരുന്നുവെന്ന് എന്റെ അച്ഛനും അമ്മയും പറഞ്ഞിരുന്നു. എന്തിനാണ് അന്ന് എന്നെ വിളിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അവരുമായിട്ട് നമുക്ക് വ്യക്തിപരമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അന്ന് എന്നെ ലുക്ക് ടെസ്റ്റിനൊക്കെ വിളിച്ചിരുന്നെങ്കില്‍ വര്‍ക്കൗട്ടാകില്ലായിരുന്നു.

കാരണം അന്ന് എനിക്ക് 15 വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആന്‍ഡ്രിയ ചെയ്ത ആ റോള്‍ എനിക്ക് ചേരുമെന്ന് തോന്നുന്നില്ല. ആ സിനിമയുടെ ഓഫര്‍ അങ്ങനെ വന്നിട്ടുണ്ട്. പക്ഷെ വേറെ ഒരുപാട് സിനിമകളുടെ ഓഫറൊന്നും ഈ പറയുന്ന പോലെ എനിക്ക് വന്നിട്ടില്ല. വിക്കീപീഡിയ പറയുന്നത് കേട്ടാല്‍ തോന്നും എന്നെ വിളിച്ച് കൊണ്ട് പോകാന്‍, എന്റെ വീടിന്റെ മുറ്റത്ത് ആളുകള്‍ ക്യൂ നില്‍ക്കുവായിരുന്നു എന്ന്.

ഞാന്‍ ആരോടും വരാന്‍ പറ്റില്ലാ എന്നൊന്നും പറഞ്ഞ് നില്‍ക്കുകയായിരുന്നില്ല. ഈ ഓഫര്‍ എങ്ങനെയോ കറങ്ങി തിരിഞ്ഞ് വന്നതാണ്. ഇങ്ങനെയൊരു ഓഫര്‍ വന്നു, പിന്നെ എന്തോ ഒരു ഭാഗ്യത്തിന് സ്റ്റീവ് ലോപ്പസ് വന്നപ്പോള്‍ അവര്‍ എന്നെ ഓര്‍ത്തു. അല്ലാതെ ഒരുപാട് ഓഫര്‍ ഒന്നും വന്നിട്ട് നോ പറഞ്ഞ് വിട്ടതല്ല,’ അഹാന കൃഷ്ണ പറഞ്ഞു.

content highlight:  ahana krishna about andrea jeremiah