| Monday, 11th December 2023, 1:56 pm

മിന്നല്‍ മുരളിക്കൊപ്പമാണ് റിലീസ് എന്ന് കേട്ടപ്പോള്‍ എന്റെ ബോധം പോയി: അഹമ്മദ് കബീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരള ക്രൈം ഫയല്‍ എന്ന വെബ് സീരീസ് വലിയ ബ്ലോക്ക് ബസ്റ്റര്‍ ആക്കിയ സംവിധായകനാണ് അഹമ്മദ് കബീര്‍. ജൂണ്‍, മധുരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഹമ്മദ് കബീര്‍ ഒരുക്കി, ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്ത വെബ് സീരീസ് വലിയ ചലനമാണ് ഉണ്ടാക്കിയത്. ഒരു വെബ് സീരീസിന്റെ റീച്ചും ലാഭനഷ്ടങ്ങളും എങ്ങനെയാണ് കണക്കാക്കുക എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അഹമ്മദ് കബീര്‍.

ഒരു സിനിമയുടെ ലാഭനഷ്ടം തിയേറ്റര്‍ കളക്ഷന്‍ വെച്ച് അളക്കാമെന്നും എന്നാല്‍ സീരീസിന്റെ കളക്ഷന്‍ എങ്ങനെയാണ് മനസിലാക്കുകയെന്നുമുള്ള ചോദ്യത്തിനായിരുന്നു അഹമ്മദ് കബീറിന്റെ മറുപടി. ക്ലബ്ബ് എഫ്.എമ്മിന്റെ ഡയറക്ടേഴ്‌സ് ക്ലബ്ബ് 2023 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ക്രൈം ഫയല്‍ ഹോട്ട് സ്റ്റാറിലാണ് ഇറങ്ങിയത്. ഹോട്ട് സ്റ്റാറിന് ഒരു ടാര്‍ഗറ്റ് ഉണ്ട്. ഒരു വെബ് സീരീസ് ഇറങ്ങിക്കഴിഞ്ഞാല്‍ എത്രമാത്രം സബ്‌സ്‌ക്രിപ്ഷന്‍ വരുമെന്നതാണ് അവര്‍ പരിശോധിക്കുന്ന ഒരു കാര്യം. അവര്‍ക്ക് ചില കാല്‍ക്കുലേഷന്‍സ് ഉണ്ട്. ഒരു മാസത്തില്‍ ഇത്ര ശതമാനം എന്ന രീതിയില്‍.

ക്രൈം ഫയല്‍സ് ഇറങ്ങി കഴിഞ്ഞപ്പോള്‍ 250 ശതമാനമായിരുന്നു അവരുടെ സക്‌സസ്. മലയാളത്തില്‍ അത്രയും സബ്‌സ്‌ക്രിപ്ഷന്‍ വരിക എന്നത് സാധാരണ സംഭവിക്കാത്തതാണെന്നാണ് പറഞ്ഞത്. മലയാളികള്‍ക്ക് ശേഷം ഹിന്ദിയില്‍ നിന്ന് ഒരുപാട് സബ്‌സ്‌ക്രിപ്ഷന്‍ വരുന്നു. അവരുടെ തന്നെ ഒരു തെലുങ്ക് സീരീസ് ആ സമയം വന്നിരുന്നു. എന്നാല്‍ അതിനേക്കാളൊക്കെ റീച്ച് ക്രൈം ഫയല്‍സില്‍ നിന്നും അവര്‍ക്ക് വന്നു.

അവരെ സംബന്ധിച്ച് അത് ആദ്യത്തെ എക്‌സ്പീരീയന്‍സ് ആയിരുന്നു. മാത്രമല്ല അവരുടെ ടോപ്പ് സെവനിലേക്ക് കേരള ക്രൈം ഫയല്‍ വന്നു. സബ്‌സ്‌ക്രിപ്ഷന്‍ തന്നെ ആണ് മെയിന്‍. അവര്‍ മുടക്കിയ ബഡ്ജറ്റിന് മാത്രം സബ്‌സ്‌ക്രിപ്ഷന്‍ വന്നോ എന്നാണ് അവര്‍ നോക്കുക, അഹമ്മദ് കബീര്‍ പറഞ്ഞു.

ജൂണ്‍ ഇറങ്ങി തിയേറ്ററില്‍ 100 ദിവസം വന്നതിനേക്കാള്‍ ഇംപാക്ട് കേരള ക്രൈം ഫയല്‍സ് ഇറങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ഉണ്ടായല്ലോ എന്ന ചോദ്യത്തിന് ജൂണ്‍ തിയേറ്ററില്‍ ഇറങ്ങിയപ്പോള്‍ തനിക്ക് മെസ്സേജുകളോ കോളുകളോ വലിയ തോതില്‍ വന്നിരുന്നില്ലെന്നും ഒ.ടി.ടി റിലീസിന് ശേഷമാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടതെന്നുമായിരുന്നു അഹമ്മദിന്റെ മറുപടി.

ജൂണ്‍ തിയേറ്ററില്‍ കളിക്കുമ്പോള്‍ എനിക്ക് മെസ്സേജോ കോളും ഒന്നും വന്നിരുന്നില്ല. ഹോട്ട് സ്റ്റാറില്‍ വന്ന് ശേഷമാണ് ആളുകള്‍ കൂടുതലായി കണ്ടത്. രണ്ടാമത് ചെയ്ത മധുരവും ഒ.ടി.ടിയിലാണ് ശ്രദ്ധിക്കപ്പെട്ടത്.

മിന്നല്‍ മുരളിയുടെ കൂടെയാണ് മധുരം ഒ.ടി.ടിയില്‍ റിലീസാകുന്നത്. ഡേറ്റ് കിട്ടിയപ്പോള്‍ തന്നെ എന്റെ ബോധം പോയി. കാരണം മിന്നല്‍ മുരളി പോലെ ഒരു വലിയ സിനിമയുടെ കൂടെയാണ് ഇറങ്ങുന്നത്.

മിന്നല്‍ മുരളിയൊക്കെ കണ്ട് ജനുവരിയിയൊക്കെ ആയിക്കഴിഞ്ഞാലേ മധുരം ആളുകള്‍ കാണൂ എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ അടുത്ത ദിവസം തൊട്ട് റിവ്യൂ വരാന്‍ തുടങ്ങി. അത് ഒ.ടി.ടിയുടെ പവറാണ്. എല്ലായിടത്തുനിന്നും ആളുകള്‍ കാണുകയല്ലേ, അഹമ്മദ് കബീര്‍ പറഞ്ഞു.

സീരീസ് എടുക്കാന്‍ ആഗ്രഹിക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ‘ എന്റെ ഒരു മൂവി നടക്കാതിരുന്ന സമയത്ത് ഇങ്ങോട്ട് ഒരു കോള്‍ വന്നു. അങ്ങനെയാണ് സീരീസിനെ കുറിച്ച് ആലോചിക്കുന്നത്.

മറ്റേ മൂവിയുടെ റിസര്‍ച്ചിന് വേണ്ടി ഞാന്‍ പൊലീസ് സ്റ്റേഷനില്‍ കുറേ പോയിട്ടുണ്ടായിരുന്നു. അവിടെ നിന്നാണ് ത്രഡ് കിട്ടുന്നത്. എന്നാല്‍ അത് മൂവിയായി വന്നാല്‍ വര്‍ക്കാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അവിടെ ഇരിക്കട്ടെ എന്ന് കരുതി മാറ്റി വെച്ചു.

അപ്പോഴാണ് ഈ കോള്‍ വന്നത്. പിന്നെ ലെങ്തി ഫോര്‍മാറ്റ് ആണ്. മാത്രമല്ല ഞാന്‍ നേരത്തെ ചെയ്ത രണ്ട് സിനിമയും ഫീല്‍ ഗുഡ് ജോണറാണ്. അതുകൊണ്ട് തന്നെ ത്രില്ലറിലേക്ക് ജോണര്‍ ഷിഫ്റ്റ് ചെയ്യാമെന്ന് തോന്നി.

പിന്നെ കുറേ വെബ്‌സീരീസ് ത്രില്ലര്‍ കണ്ടിരുന്നു. ദല്‍ഹി ക്രൈം ഒക്കെ കണ്ടപ്പോള്‍ അതിന്റെയൊക്കെ ഫാന്‍ ആയിരുന്നു. അങ്ങനെ ഒരു അവസരം കിട്ടിയപ്പോള്‍ ചെയ്തതാണ്.

പിന്നെ സീരീസ് ചെയ്യാന്‍ ആഗ്രഹമുള്ളവരോട് അങ്ങനെ പ്രത്യേകിച്ചൊന്നും പറയാനില്ല. ഞാന്‍ ഹോട്ട് സ്റ്റാറിലാണ് ചെയ്തത്. ഇനിയും മൂന്ന് നാല് റീലീസുകള്‍ അവര്‍ക്കുണ്ട്. അവര്‍ ഇനിയും കണ്ടന്റുകള്‍ നോക്കുന്നുമുണ്ട്. വ്യത്യസ്തമായ ജോണറുമായി ചെന്നാല്‍ വര്‍ക്കാവും.

പിന്നെ സിനിമയുടേതായാലും സീരീസിന്റേതായാലും ഷൂട്ടൊക്കെ ഒന്ന് തന്നെയാണ്. എഴുത്തില്‍ ഈ പറഞ്ഞ പോലെ ആളുകള്‍ അടുത്ത എപ്പിസോഡ് കാണുന്ന രീതിയിലുള്ള ചില കാര്യങ്ങള്‍ തീര്‍ച്ചയായും വേണം.

എന്റേത് ആകെ ആറ് എപ്പിസോഡാണ് ഉണ്ടായിരുന്നത്. അര മണിക്കൂറാണ് ഉള്ളത്. ആളുകള്‍ ബിഞ്ച് വാച്ച് ചെയ്യണമെന്ന ഒറ്റ ആഗ്രഹത്തിലാണ് ചെയ്തത്. ആളുകള്‍ പോസ് ചെയ്ത് പോയി, പിന്നെ കണ്ടില്ലെങ്കില്‍ അവരുടെ റീച്ചും കുറയും. അതുകൊണ്ട് തന്നെ അത്തരത്തില്‍ എഴുതുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്’, അഹമ്മദ് കബീര്‍ പറഞ്ഞു.

Content Highlight: Ahammed Khabeer about Kerala Crime Files and Hotstar Reach

We use cookies to give you the best possible experience. Learn more