| Sunday, 16th April 2023, 8:10 pm

മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തി; കെജ്‌രിവാളിന് അഹമ്മദാബാദ് കോടതിയുടെ സമന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും രാജ്യസഭാ എം.പിയായ സഞ്ജയ് സിങ്ങിനും അഹമ്മദാബാദ് കോടതി സമന്‍സ് അയച്ചു. മോദിയുടെ അക്കാദമിക് ബിരുദവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതിയിലാണ് സമന്‍സ് അയച്ചിട്ടുള്ളത്.

അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജയേഷ്ഭായ് ചൊവതി മെയ് 23ന് കെജ്‌രിവാളിനോട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഗുജറാത്ത് സര്‍വകലാശാല രജിസ്ട്രാര്‍ പിയൂഷ് പട്ടേല്‍ നല്‍കിയ പരാതിയിലാണ് സെമന്‍സ് അയച്ചത്. കെജ്‌രിവാളിന്റെ പേരിന്റെ മുന്നില്‍ നിന്ന് മുഖ്യമന്ത്രി വിളിയും ഒഴിവാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍വകലാശാലയോട് ആവശ്യപ്പെട്ട മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളും സഞ്ജയ് സിങ്ങും ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ പരാമര്‍ശങ്ങള്‍ സര്‍വകലാശാലയെ അപമാനിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഗുജറാത്ത് സര്‍വകലാശാല 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായതാണെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ പ്രശസ്തിയുള്ളതാണെന്നും വാദി ഭാഗത്ത് വേണ്ടി ഹാജരായ അഭിഭാഷകന്‍ അമിത് നായര്‍ പറഞ്ഞു.

‘സര്‍വകലാശയ്‌ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ്. സര്‍വകലാശാലയുടെ അന്തസ് മനപ്പൂര്‍വം വ്രണപ്പെടുത്തുന്നതാണ്,’ അദ്ദേഹം പറഞ്ഞു.

‘ഒരു ഡിഗ്രി ഉണ്ടെങ്കില്‍ അത് നല്‍കുന്നതിന് എന്താണ് കുഴപ്പം. അവര്‍ വിവരങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ അത്തരമൊരു ഡിഗ്രി ഇല്ലായിരിക്കും. പ്രധാനമന്ത്രി ദല്‍ഹി സര്‍വകലാശാലയിലും ഗുജറാത്ത് സര്‍വകലാശാലയിലും പഠിച്ചതാണെങ്കില്‍ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനമന്ത്രിയായത് ഗുജറാത്ത് സര്‍വകലാശാല ആഘോഷിക്കണം,’ എന്ന കെജ്‌രിവാളിന്റെ പ്രസ്താവനക്കെതിരെയാണ് പിയൂഷ് പട്ടേല്‍ കോടതിയെ സമീപിച്ചത്.

പ്രധാനമന്ത്രിയുടെ ഡിഗ്രി വ്യാജമാണെന്ന് സഞ്ജയ് പറഞ്ഞതായും പരാതിയില്‍ പറഞ്ഞിരുന്നു.

അതേസമയം ദല്‍ഹി മദ്യനയക്കേസില്‍ സി.ബി.ഐ അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്തുക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച 1500 ഓളം ആം ആദ്മി പ്രവര്‍ത്തകരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

content highlight: ahammadabad court summons Against aravind kejriwal

We use cookies to give you the best possible experience. Learn more