പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ഭ്രമം എന്ന ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ വാര്‍ത്തകളില്‍ പ്രതികരിച്ച് നടി അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.
ഭ്രമം എന്ന സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നു കാണുന്നു. ദയവ് ചെയ്ത് ഇത്തരം വാര്‍ത്തകളില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നാണ് നടി അഹാന കൃഷ്ണ പറയുന്നത്.
താന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഈ നാടകത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും അഹാന കൃഷ്ണ പറഞ്ഞു.
പൃഥ്വിരാജിന്റെ കടുത്ത ആരാധികയാണ്. ഏറെ ബഹുമാനിക്കുന്ന നടനാണ് പൃഥ്വി. അത്തരമൊരു നടനുമായി ബന്ധപ്പെട്ട് അനാവശ്യ വാര്‍ത്തകള്‍ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും അഹാന പറഞ്ഞു.
നേരത്തെ മകള്‍ അഹാനയെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെ പ്രസ്താവനയുമായി നടനും ബി.ജെ.പി പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ഭ്രമം സിനിമയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ ബുക്ക്‌സ് പ്രൊഡക്ഷന്‍സ് രംഗത്തെത്തുകയും ചെയ്തിരുന്നു.
ഭ്രമം എന്ന സിനിമയില്‍ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലോ ടെക്നിഷ്യന്മാരെ നിര്‍ണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകള്‍ ഇല്ലായിരുന്നുവെന്നാണ് ഓപ്പണ്‍ ബുക്ക്സ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്. അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകള്‍ മുന്‍നിര്‍ത്തിയാണെന്ന ആരോപണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
അഹാനയുടെ വാക്കുകള്‍
ഞാന്‍ ഈ ചിത്രത്തിലേ ഇല്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടുമില്ല. ഇതില്‍ സംസാരിച്ചിരിക്കുന്ന ആളുകള്‍, ചിലപ്പോള്‍ ഞാനുമായി ബന്ധപ്പെട്ടവരുമാകാം, എന്തായാലും അതൊക്കെ അവരുടെ അഭിപ്രായമാണ്. എന്നെ അതുവെച്ച് അളക്കരുത്. എനിക്ക് ഈ നാടകത്തില്‍ ഒരു റോളുമില്ല.
ഞാന്‍ ഇപ്പോള്‍ ഉള്ളത് പോണ്ടിച്ചേരിയിലാണ്. നിങ്ങള്‍ക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ലെങ്കില്‍ ഇത് മറന്നേക്കൂ. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല.
എല്ലാവരോടുമായി പറയുകയാണ്, ഞാന്‍ പൃഥ്വിരാജിന്റെ കടുത്ത ആരാധികയാണ്. അല്ലാതെ വേറെ കാര്യമൊന്നുമില്ല. എനിക്ക് ഇതിലൊന്നും ഒരു പങ്കുമില്ല. ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ ഫാനാണ്.
എന്റെ ചിത്രം വെച്ച് ആവശ്യമില്ലാത്ത വാര്‍ത്തകള്‍ വരുന്നത് കാണുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. മറ്റാരോ പറഞ്ഞതിന്റെ പേരില്‍ നമ്മുടെ പേര് നമ്മളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ വരും. അതെ ഈ സമയവും കടന്നു പോകും.
ഇനി ഇക്കാര്യങ്ങള്‍ അറിയാത്തവര്‍ വന്ന് ദയവു ചെയ്ത് എന്നോട് മെസേജ് അയച്ചോ വിളിച്ചോ എന്തുപറ്റിയെന്ന് ചോദിക്കരുത്. അതിനൊന്നുമുള്ള ഊര്‍ജം എനിക്കില്ല.
ഈ വാര്‍ത്തകള്‍ ഉണ്ടാക്കുന്നവര്‍ക്ക് വേറൊരു പണിയും ഇല്ലേ? ഞാന്‍ അത്രയും ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് പൃഥ്വിരാജ്. അദ്ദേഹം എല്ലാത്തിനും എനിക്ക് പിന്തുണ നല്‍കാറുമുണ്ട്. അദ്ദേഹത്തിന്റെ പേര് വെച്ച് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവുന്നത് അംഗീകരിക്കാന്‍ ആവുന്നില്ല.
അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് വെച്ച് ഇത്തരത്തില്‍ തെറിവിളിക്കാന്‍ പോകുന്നവര്‍ ലെഫ്റ്റ് ആണെങ്കിലും റൈറ്റ് ആണെങ്കിലും ആദ്യം നേരെ നോക്കണം.
ഇവിടെ എനിക്ക് ഒരു യാതൊരു പ്രൊഫഷണല്‍ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ആരോടും ഒന്നും പറഞ്ഞിട്ടില്ല. ആരെയും കുറ്റപ്പെടുത്തുന്നതില്‍ വിശ്വസിക്കുന്ന ഒരാളുമല്ല ഞാന്‍, അഹാന പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക