| Wednesday, 9th September 2020, 10:28 pm

'അന്യായമായി പൊളിച്ചത് നിങ്ങളുടെ വീടായിരുന്നെങ്കിലോ'? കങ്കണയുടെ ഓഫീസ് തകര്‍ത്തതില്‍ അഹാന കൃഷ്ണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടി കങ്കണ റണൗത്തിന്റെ മുംബൈയിലെ ഓഫീസ് ബി.എം.സി അധികൃതര്‍ പൊളിച്ചു നീക്കാന്‍ ശ്രമിച്ച നീക്കത്തില്‍ ഇതിനകം നടപടിയെ പ്രതികൂലിച്ചു കൊണ്ടും അനുകൂലിച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. ഇതിനിടെ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ.

കുറച്ചു ഭാഗം പൊളിച്ചു നീക്കിയ കങ്കണയുടെ ഓഫീസിലേക്ക് മാധ്യമപ്രവര്‍ത്തകന്‍ ചാടിക്കടക്കാന്‍ ശ്രമിച്ച ഒരു ഫോട്ടോ പങ്കു വെച്ചു കൊണ്ടാണ് അഹാനയുടെ പ്രതികരണം. ദൗര്‍ഭാഗ്യകരമായ ഒരു സംഭവം നടക്കുമ്പോള്‍ ഇത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ആലോചിക്കണമെന്നാണ് അഹാനയുടെ പ്രതികരണം.

ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലാണ് അഹാന ഇക്കാര്യം കുറിച്ചിരിക്കുന്നത്.

‘ മീഡിയ…. ശാന്തരാവുക, കങ്കണയുടെ പൊളിക്കപ്പെട്ട കെട്ടിടത്തിനുള്ളില്‍ എന്താണെന്ന് ഞങ്ങള്‍ക്ക് കാണേണ്ടതില്ല. ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം നടക്കുമ്പോള്‍ ഇത് നിങ്ങളുടെ വീടായിരുന്നെങ്കിലെന്ന് ചിന്തിക്കുക. അന്യായമായി നിങ്ങളുടെ വീടിന്റെ ഒരു ഭാഗം പൊളിക്കപ്പെടുമ്പോള്‍ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുന്നത് നിങ്ങള്‍ക്ക് ഇഷ്മാവുമോ?’ അഹാന കുറിച്ചു.

നിയമവിരുദ്ധമായി നിര്‍മാണം നടത്തിയെന്നാരോപിച്ച് കങ്കണയുടെ മുംബൈയിലെ പോഷ് പലി ഹില്‍ ഏരിയയിലുള്ള മണികര്‍ണിക ഫിലിം ഓഫീസ് പൊളിച്ചുനീക്കാന്‍ ബി.എം.സി നടപടി ആരംഭിച്ചിരുന്നു.

എന്നാല്‍ ബുധനാഴ്ച ഓഫീസ് പൊളിച്ച് മാറ്റാനുള്ള നടപടി ബോംബെ ഹൈക്കോടതി ബുധനാഴ്ച സ്റ്റേ ചെയ്തു. കെട്ടിടം പൊളിച്ച് മാറ്റാനുള്ള ബി.എം.സി നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലം പൊളിച്ച് മാറ്റല്‍ നിര്‍ത്തിവെയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. ഓഫീസിന്റെ ഉള്ളില്‍ ചില ഭാഗങ്ങള്‍ തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ കങ്കണ ട്വിറ്ററില്‍ പങ്കു വെച്ചിട്ടുണ്ട്.

തന്റെ ഓഫീസ് പൊളിച്ചു നീക്കാന്‍ ശ്രമിച്ചതില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരെ രൂക്ഷ പ്രതികരണമാണ് കങ്കണ നടത്തിയത്.
‘ ഉദ്ദവ് താക്കറെ നിങ്ങളെന്താണ് കരുതിയത്? ഫിലിം മാഫിയക്കൊപ്പം ചേര്‍ന്ന് എന്റെ വീട് പൊളിച്ചു നീക്കി എന്നോട് പ്രതികാരം ചെയ്തെന്നോ? ഇന്ന് നിങ്ങളെന്റെ വീട് പൊളിച്ചു. നാളെ നിങ്ങളുടെ ധാര്‍ഷ്ട്യം തകര്‍ക്കും’ കങ്കണ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more