തന്റെ മരണ ശേഷം ചടങ്ങുകൾ മക്കൾ തന്നെ ചെയ്യണമെന്നും അത് അവരുടെ ഭർത്താക്കന്മാരല്ല ചെയ്യേണ്ടതെന്നും കൃഷ്ണ കുമാർ (അച്ഛൻ) പറഞ്ഞിട്ടുണ്ടെന്ന് അഹാന കൃഷ്ണ. അച്ഛൻ തന്നെയും സഹോദരിമാരെയും തുല്യ അവകാശങ്ങൾ തന്നാണ് വളർത്തിയതെന്ന് താരം പറഞ്ഞു. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഒരു പെൺകുട്ടി ആയതുകൊണ്ട് ഞാൻ ഒരിക്കലും ഒന്നിനും താഴെയല്ലെന്നാണ് വിശ്വസിക്കുന്നത്. അതിനർത്ഥം പുരുഷന്മാരെ ഇഷ്ട്ടമല്ല എന്നല്ല. നമ്മൾ എല്ലാവരും തുല്യരാണെന്നാണ് എന്നെയും എന്റെ സഹോദരിമാരെയും പഠിപ്പിച്ചിരിക്കുന്നത്.
അച്ഛൻ മരിച്ചാൽ ഞങ്ങൾ ആരെങ്കിലും വേണം അച്ഛന്റെ ചടങ്ങുകൾ ചെയ്യാൻ, അല്ലാതെ ഞങ്ങളുടെ ഭർത്താക്കന്മാരല്ല അത് ചെയ്യേണ്ടതെന്ന് അച്ഛൻ ഞങ്ങളോട് ചെറുപ്പത്തിൽ പറയുമായിരുന്നു. ഞങ്ങളോട് ഒരിക്കലും പെൺകുട്ടിയായതുകൊണ്ട് എന്തെങ്കിലും കാര്യങ്ങൾ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങൾ വളർന്നത് എല്ലാ അവകാശങ്ങളും തുല്യമായിട്ടുള്ള ചുറ്റുപാടിലാണ്. വീട്ടിൽ ഒന്നിനും പ്രത്യേകം ജൻഡർ റോൾസ് ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യണം,’ അഹാന പറഞ്ഞു.
സിനിമ സെറ്റിൽ സ്ത്രീകളെ സംരക്ഷിക്കാനുള്ള മുൻകരുതലുകൾ എടുക്കാറുണ്ടെന്നും പക്ഷെ സിനിമ മേഖലയിൽ ലിംഗ വിവേചനമുണ്ടെന്നും താരം പറഞ്ഞു.
‘സിനിമ സെറ്റിൽ പെൺകുട്ടികൾ ഉണ്ടെങ്കിൽ അവിടെ അവർക്കുള്ള സുരക്ഷാ ഉറപ്പാക്കാറുണ്ട്. അവിടെ സുരക്ഷിതയാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഒരിക്കൽ ഞാൻ ഒരു സിനിമ ചെയ്ത് കഴിഞ്ഞ് അതിന്റെ പ്രസ് റിലീസ് പുറത്തുവന്നു. ആതിൽ ചിത്രത്തിൽ അഭിനയിച്ചിരുന്ന അഭിനേതാക്കളുടെ പേരുകൾ ഉണ്ടായിരുന്നു. പക്ഷെ എക്സ്പീരിയൻസ് വെച്ച് എന്നേക്കാൾ താഴെയുള്ള ഒരു നടന്റെ പേരാണ് അതിൽ ആദ്യം നൽകിയിരുന്നത്. ഇതൊന്നും അത്രവലിയ കാര്യമൊന്നും അല്ല. പക്ഷെ അത് കണ്ടപ്പോൾ ഒരു ചെറിയ ബുദ്ധിമുട്ട് എനിക്ക് തോന്നി. ഞാനും ഒത്തിരി കഷ്ടപ്പെട്ടാണ് ഇവിടെവരെ എത്തിയത്. ഏത് അടിസ്ഥാനത്തിലാണ് അവർ അങ്ങനെ ചെയ്തതെന്ന് ഞാൻ ചോദിച്ചപ്പോൾ ആർക്കും അതിനെപ്പറ്റി അറിയില്ല. അതൊക്കെ സാധാരണയാണെന്നായിരുന്നു അവരുടെ മറുപടി,’ അഹാന പറഞ്ഞു.