| Thursday, 18th November 2021, 12:52 pm

വടംവലിച്ച് രക്തം വരികയും ബോധം കെട്ട് വീഴുകയും ചെയ്തു, വടംവലിയെ ജിവന് തുല്യം സ്നേഹിച്ചവര്‍ക്ക് വേണ്ടി നിര്‍മിച്ച സിനിമയാണ് 'ആഹാ': ബിബിന്‍ പോള്‍ സാമുവല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വടംവലി പ്രമേയമാക്കിയ മലയാളത്തിലെ ആദ്യ ചിത്രമായ ‘ആഹാ’ നവംബര്‍ 19 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. ബിബിന്‍ പോള്‍ സാമുവല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇന്ദ്രജിത്താണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന് പിന്നില്‍ ഒരുപാട് പേരുടെ കഷ്ടപ്പാടുണ്ടെന്നും ഒരു വര്‍ഷം നീണ്ട ഒരുക്കങ്ങള്‍ക്കൊടുവിലാണ് അഭിനേതാക്കളെ പോലും സമീപിച്ചതെന്നും പറയുകയാണ് സംവിധായകന്‍. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് ആഹാ ടീം നല്‍കിയ അഭിമുഖത്തിനിടയിലാണ് ബിബിന്‍ പോള്‍ സാമുവല്‍ മനസ് തുറന്നത്.

കേരളത്തിലെ 1000 ത്തോളം വരുന്ന വടംവലി ടീമുകളില്‍ 64 ടീമുകളെ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്വന്തമെന്ന് പറയാവുന്ന കായിക വിനോദമാണ് വടംവലി. അതിനെപറ്റി ജനങ്ങള്‍ കൂടുതലായി അറിയുന്നത് ആഹായിലൂടെയാണെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

ഈ സിനിമക്ക് വേണ്ടി നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് പേര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചു. ഇതില്‍ അഭിനയിച്ച ചെറുപ്പക്കാര്‍ ലോക്ഡൗണ്‍ സമയത്ത് 6 മാസത്തോളം ഒരു വീടെടുത്ത് താമസിക്കുകയും വടംവലി പരിശീലിക്കുകയും ചെയ്തു. പലരുടെയും ശരീരത്തില്‍ നിന്നും രക്തം വരുകയും ബോധം കെട്ട് വീഴുകയും ശര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും ബിബിന്‍ പറയുന്നു

ഇത്രയും കഥകളുള്ള ജനകീയമായ ഒരു കായികരൂപം ഇവിടെയുണ്ടായിട്ട് ജനങ്ങള്‍ക്ക് ഇതിനെ പറ്റി അറിയില്ല. സിനിമക്ക് വേണ്ടി ഞങ്ങള്‍ ഒരുപാട് മത്സരങ്ങള്‍ കാണാന്‍ പോയി. ഒരു വര്‍ഷത്തോളം ഒരു ടീമിനെ സ്പോണ്‍സര്‍ ചെയ്യുകയും അവരുടെ ഒപ്പം വിവിധ മത്സരങ്ങള്‍ക്ക് പോവുകയും ചെയ്തു.

അങ്ങനെ ഒരുപാട് പഠിച്ചിട്ടാണ് അഭിനേതക്കളുടെ അടുത്ത് പോയി കഥ പറഞ്ഞത്. പിന്നീട് ഞങ്ങള്‍ ഒന്നിച്ച് ഈ സ്ഥലങ്ങളിലെല്ലാം യാത്ര ചെയ്തു. വടംവലിയെ ജിവന് തുല്യം സ്നേഹിച്ച ആളുകള്‍ക്ക് വേണ്ടി നിര്‍മിച്ച സിനിമയാണ് ആഹായെന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു.

ശാന്തി ബാലകൃഷ്ണനാണ് ചിത്രത്തിലെ നായിക. സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്. മനോജ് കെ ജയന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവരാണ് മറ്റ് കഥാപാചത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തില്‍ സയനോര ഫിലിപ്പാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Aha Movie Doirector About Film

We use cookies to give you the best possible experience. Learn more