| Saturday, 20th November 2021, 4:51 pm

ഗംഭീര അഭിനേതാക്കള്‍ തന്നെ വേണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു; ആഹാ സംവിധായകന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വടംവലി പ്രമേയമാക്കി നവാഗതനായ ബിപിന്‍ പോള്‍ സാമുവല്‍ ഒരുക്കിയ ‘ആഹാ’ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. വടംവലിയുടെ ആവേശം ഉള്‍ക്കൊണ്ടൊരുക്കിയ ചിത്രമാണ് ആഹാ. ഒരുപാട് വടംവലി കളിക്കാരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

വടംവലിക്കാരെ സംബന്ധിച്ച് ആഘോഷിക്കാനുള്ള ചിത്രമാണ് ആഹായെന്ന് പറയുകയാണ് സംവിധായകന്‍. ആഹാ എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രസ്താവനയാണെന്നും ഇങ്ങനെയൊരു വടംവലിലോകം കേരളത്തിലുണ്ട് എന്ന് എല്ലാവരും അറിയേണ്ടത് നമ്മുടെ അടിസ്ഥാന അവകാശങ്ങളില്‍ ഒന്നാണെന്നുമാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നത്.

‘രണ്ട് ലക്ഷത്തോളം കളിക്കാര്‍, അവരുടെ കുടുംബം, അവരുടെ ആരാധകര്‍ എന്നിവര്‍ അടങ്ങുന്ന വലിയൊരു വടംവലി ലോകം ഈ കേരളത്തിലുണ്ട്. പക്ഷേ ഇവരെക്കുറിച്ചോ ഈ കായികവിനോദത്തെക്കുറിച്ചോ പലര്‍ക്കും ധാരണയില്ല എന്നതാണ് സത്യം.

വേണ്ടത്ര അംഗീകാരങ്ങളോ പരിഗണനയോ ഈ കളിക്കോ, കളിക്കാര്‍ക്കോ ലഭിക്കുന്നില്ല. രാത്രിയിലാണ് വടംവലി നടത്താറുള്ളത്. ഇത് സാധാരണക്കാരായ തൊഴിലാളികളുടെ കായികവിനോദമാണ്.

അവരെ സംബന്ധിച്ച് ഇത് ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ആഘോഷിക്കാനുള്ള വേളയാണ്. വടംവലിക്കുള്ള സമര്‍പ്പണം തന്നെയാണ് ആഹാ. ഒപ്പം നല്ലൊരു കുടുംബകഥയും ചിത്രം പറയുന്നുണ്ട്,’ ബിപിന്‍ പറയുന്നു.

ഗംഭീര അഭിനേതാക്കള്‍ തന്നെ വേണം ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എന്ന് തനിക്ക് നിര്‍ബന്ധമുള്ള കാര്യമായിരുന്നെന്നും നല്ല നടന്മാരായിരിക്കണമെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നെന്നും ബിപിന്‍ പറയുന്നു.

ഈ കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ മികച്ച അഭിനേതാക്കളാണ് ആഹായില്‍ അണിനിരക്കുന്നത്. ഇന്ദ്രജിത്ത്, മനോജ്.കെ.ജയന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, ശാന്തി ബാലചന്ദ്രന്‍, സിദ്ധാര്‍ഥ് ശിവ തുടങ്ങി മികച്ച താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പ്രധാന വേഷത്തില്‍ ഇന്ദ്രേട്ടന്‍ തന്നെയായിരുന്നു ആദ്യം മുതലേ മനസിലുണ്ടായിരുന്നത്. അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് മനോജേട്ടന്റേതും. സിനിമയുടെ ഭാഗമായി ആറ് മാസത്തോളം നീണ്ട വര്‍ക്ക്‌ഷോപ്പുകള്‍ ഉണ്ടായിരുന്നു. ഇന്ദ്രേട്ടനും അമിത് ചക്കാലക്കലും അടക്കമുള്ളവര്‍ ഒരു മാസത്തോളം വടംവലിയുടെ ട്രെയ്‌നിങ്ങ് എടുത്തിട്ടുണ്ടെന്നും ബിപിന്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more