| Monday, 26th February 2024, 6:19 pm

'അമ്മ തമ്പുരാട്ടിയെയും' കുടുംബത്തെയും ക്ഷണിച്ചത് സി.പി.ഐ.എം ലോക്കൽ സെക്രട്ടറി; 'ജീപ്പിൽ കയറിയത് നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കാണുന്നതിനായി രഥത്തിൽ കയറി യാത്ര ചെയ്ത തിരുവിതാംകൂർ മുൻ രാജകുടുംബാംഗം ആദിത്യ വർമക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ പഴയ രാജകുടുംബത്തെ ന്യായീകരിച്ച് ചാനൽ ചർച്ചകളിൽ ഇടതുസഹയാത്രികനായി പങ്കെടുക്കുന്ന എ.എച്ച്. ഹഫീസ്.

കവടിയാറിലെ പൗരസമിതി സംഘടിപ്പിക്കുന്ന പൊങ്കാലക്ക് തുടക്കമിടുന്നതിന് നാട്ടിലെ പ്രമുഖ എന്ന നിലയിൽ പൊങ്കാല കലത്തിലേക്ക് തീ പകരുന്നതിന് ‘അമ്മ തമ്പുരാട്ടിയെ’ ക്ഷണിച്ചതാണെന്നും അതിനായി മകൻ ആദിത്യ വർമക്കും കുടുംബത്തിനുമൊപ്പം കാൽനടയായി അവർ വന്നെന്നും ഹഫീസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

തുടർന്ന് നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് നാട്ടുകാർ തന്നെ സംഘടിപ്പിച്ച തുറന്ന ജീപ്പിൽ രാജകുടുംബം അൽപദൂരം സഞ്ചരിച്ചതെന്നും ഹഫീസ് പോസ്റ്റിൽ പറയുന്നു.

പ്രദേശത്തെ സി.പി.ഐ.എം ലോക്കൽ പാർട്ടി സെക്രട്ടറി ഉൾപ്പെടെയുള്ളവർ ചേർന്നാണ് ഗൗരി ലക്ഷ്മി ഭായിയെ ക്ഷണിച്ചതെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

‘എല്ലാവരെയും ജാതിമതഭേദമന്യേ സ്നേഹം പങ്കുവെച്ചും തൊട്ടും തലോടിയും കവഡിയാറിന്റെ മൂത്ത സഹോദരി സ്ഥാനിയായി നിന്നുകൊണ്ട് ഒരു ചടങ്ങിൽ പങ്കെടുക്കുകയും സംഘാടകർ നൽകിയ വാഹനത്തിൽ യാത്ര ചെയ്യുകയും ചെയ്യുക എന്ന കൃത്യം നിർവഹിച്ചതിനാണ് പരക്കെ ട്രോൾ ചെയ്യുന്നത്.
എൻറെ സുഹൃത്തുക്കൾ ക്ഷണിച്ചുവരുത്തി അവരുടെ അഭ്യർത്ഥന പ്രകാരം അൽപനേരം അവർ തയ്യാറാക്കിയ വാഹനത്തിൽ സഞ്ചരിച്ചതിന്റെ പേരിൽ തമ്പുരാട്ടിയോ തമ്പുരാനോ രാജകുടുംബമോ വേട്ടയാടപ്പെടരുത് എന്ന് പറയുമ്പോൾ ഏത് തമ്പുരാട്ടി എന്ന് ചോദിച്ചാൽ പഴയ രാജവംശത്തിലെ ശേഷിക്കുന്ന തലമുറയിലെ മുതിർന്നയാൾ.

അവർ ആരെയും ഭരിക്കാൻ വരുന്നില്ല ആരും അനാവശ്യമായി അവരെ ഭരിക്കുകയും വേണ്ട,’ ഹഫീസ് പറഞ്ഞു.

CONTENT HIGHLIGHT: AH Hafeez says Former Royal family was invited to Ponkala by CPIM local secretary

We use cookies to give you the best possible experience. Learn more