| Thursday, 19th July 2018, 8:45 pm

ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസിലേക്ക് സോണിയാ ഗാന്ധിയെ വലിച്ചിഴക്കാന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദമായ ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസിലേക്ക് സോണിയാ ഗാന്ധിയുടെ പേര് വലിച്ചിഴാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടനിലക്കാരനില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം.

12 ആഡംബര ഹെലികോപ്ടറുകള്‍ വാങ്ങാന്‍ 2007ല്‍ ഉണ്ടാക്കിയ കരാറില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മൈക്കലിനോട് സോണിയാ ഗാന്ധിയുടെ പേര് സംഭവത്തിലേക്ക് വലിച്ചിഴക്കണം എന്ന് കേന്ദ്രം ആവശ്യപ്പെടുന്നു എന്നാണ് ആരോപണം.

കോണ്‍ഗ്രസ് വക്താവായ രണ്‍ദീപ് സുര്‍ജെവാലയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

“”ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ് രാഷ്ട്രീയ പകപോക്കാനായി എതിരാളിക്ക് നേരെ ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി വ്യാജ തെളിവുകള്‍ ഉണ്ടാക്കുന്നത്” സുര്‍ജെവാല പറഞ്ഞു.

2007ല്‍ ഉണ്ടാക്കിയ കരാര്‍ 2013ല്‍ ഇന്ത്യ റദ്ദ് ചെയ്തിരുന്നു. കരാര്‍ ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന് ലഭിക്കാന്‍ കൈക്കൂലി നല്‍കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. കേസില്‍ വ്യോമസേന ഉന്നതന്‍ ത്യാഗിയെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ഇതേ കമ്പനിയെ തുടര്‍ന്നും ഇന്ത്യയിലേക്ക് ക്ഷണിച്ചത് ബി.ജെ.പി ആണെന്നും, മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാക്കി അവരെ മാറ്റിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more