ന്യൂദല്‍ഹി: വി.വി.ഐ.പി ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗി അടക്കമുള്ളവര്‍ക്കെതിരെ സി.ബി.ഐ എഫ്.എ.ആര്‍ രജിസ്റ്റര്‍ ചെയ്തു. []
അഴിമതി നിരോധന പ്രകാരം 120, 420 എന്നീ ഐ.പി.സി വകുപ്പുകള്‍ പ്രകാരമാണ് ത്യാഗിക്കും മറ്റ് 11 പേര്‍ക്കുമെതിരെ സി.ബി.ഐ എഫ്.എ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
നാല് സ്ഥാപനങ്ങളുടെയും, ത്യാഗിയുടെ അടുത്ത ബന്ധുക്കളായ ജൂലി, ഡോസ്‌ക്ക എന്നിവര്‍ അടക്കമുള്ള 12 വ്യക്തികളുടെയും പേര് സി.ബി.ഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ടിലുണ്ട്.
അതിനിടെ ത്യാഗിയുടെ വസതിയില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ റെയ്ഡ് നടത്തി. ദല്‍ഹി, ഗുര്‍ഗാവ്, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ 14 സ്ഥലങ്ങളില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തി.
3,600 കോടിയുടെ ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ ഇറ്റലിയിലെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കമ്പനിക്ക് അനുകൂലമായി കരാര്‍ നേടാന്‍ കോഴ കൈമാറിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
വി.വി.ഐ.പികള്‍ക്കായുള്ള ഹെലികോപ്റ്ററുകള്‍ ഇന്ത്യയെക്കൊണ്ടു വാങ്ങിപ്പിക്കാന്‍ 362 കോടി രൂപ കോഴ നല്‍കി എന്നായിരുന്നു ആരോപണം.
ഇതില്‍ ഇന്ത്യയിലെ മുന്‍ വ്യോമസേനാമേധാവി എസ്.പി. ത്യാഗി കോഴ വാങ്ങിയെന്നും ആരോപണമുണ്ടായിരുന്നു.
ഇതില്‍ 12 ഹെലികോപ്റ്ററുകളാണ് പ്രതിരോധമന്ത്രാലയം കമ്പനിയില്‍ നിന്ന് വാങ്ങിയത്. ഇതില്‍ മൂന്നെണ്ണം വി.വി.ഐ.പി കള്‍ക്കായി കൈമാറിക്കഴിഞ്ഞു.
അതേസമയം, വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള നീക്കം പ്രതിരോധ വകുപ്പ് മാറ്റി വെച്ചിരുന്നു.