ഇസ്താന്‍ബുളിലെ അറ്റാത്തുര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടന്ന യുവേഫ ചാമ്പ്യന്‍ ലീഗ് ഫൈനലില്‍ സജീവ സാന്നിധ്യമായിരുന്നു മുന്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം സെര്‍ജിയോ അഗ്വേറോ.
കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനെതിരെയുള്ള മാന്‍ സിറ്റിയുടെ തകര്‍പ്പന്‍ ജയത്തിന് ശേഷം അഗ്വേറോ ലയണല്‍ മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് സംസാരിച്ചിരുന്നു. മെസിക്കൊപ്പം താരവും അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയില്‍ ബൂട്ടുകെട്ടുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
താനും മെസിക്കൊപ്പം കളിക്കാന്‍ പോവുകയാണെന്ന് ചിരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്വേറോ എം.എല്‍.എസ് കളിക്കാന്‍ പോുവുകയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ടി സ്‌പോര്‍ട്ടിനോടാണ് അഗ്വേറോ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയത്തില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. കാരണം ഞാന്‍ സിറ്റിയെ ഒത്തിരി സനേഹിക്കുന്നുണ്ട്. മുമ്പ് ഫൈനല്‍ വരെ എത്തിയ ഞങ്ങള്‍ക്ക് കിരീടം നഷ്ടമായിരുന്നെങ്കില്‍ ഇപ്പോള്‍ സിറ്റിയുടെ ഈ വിജയത്തില്‍ ഞാന്‍ ഒത്തിരി സന്തോഷിക്കുന്നുണ്ട്. അതെ, ഞാനും മെസിക്കൊപ്പം മിയാമിയിലേക്ക് പോവുകയാണ് (ചിരിക്കുന്നു),’ അഗ്വേറോ പറഞ്ഞു.
2021ല്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം സെര്‍ജിയോ അഗ്വേറോ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബാഴ്‌സലോണക്ക് വേണ്ടി കളിക്കുന്ന സമയത്ത് താരത്തിന് ശ്വാസ തടസം അനുഭവപ്പെടുകയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് താരത്തിന് അസുഖം സ്ഥിരീകരിച്ചത്. 2021ല്‍ തന്നെ അഗ്വേറോ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സക്ക് വേണ്ടി വളരെ കുറഞ്ഞ മത്സരങ്ങളില്‍ മാത്രമായിരുന്നു അഗ്വേറോ കളിച്ചിരുന്നത്.
കഴിഞ്ഞ മെയ് മാസത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് സെര്‍ജിയോ അഗ്വേറോയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിനെതിരെ 3-2ന് വിജയിച്ച മത്സരത്തില്‍ ഇഞ്ച്വറി ടൈമില്‍ അഗ്വേറോ നേടിയ ഗോളിന്റെ ഓര്‍മ്മയിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 44 വര്‍ഷത്തിനിടെ സിറ്റിയുടെ ആദ്യ ലീഗ് കിരീടം ആയിരുന്നു ആ ഗോള്‍ അന്ന് ഉറപ്പിച്ചത്.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഒരു ദശാബ്ദത്തിലേറെയായി കളിച്ച അഗ്വേറോ 390 മത്സരങ്ങളില്‍ നിന്ന് 260 ഗോളുകള്‍ നേടി അവരുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായാണ് ക്ലബ് വിട്ടത്.
Content Highlights: Aguero talking about Lionel Messi’s club transfer