ലയണല്‍ മെസി ബാഴ്സലോണയില്‍ നിന്ന് പടിയിറങ്ങുന്ന രംഗം വേദനയോടെയാണ് ആരാധകര്‍ കണ്ടുനിന്നത്. 2021ല്‍ എഫ്.സി ബാഴ്‌സലോണയില്‍ നിന്ന് പുറത്ത് പോരേണ്ടി വന്നതിന്റെ ദുഃഖം മെസിയില്‍ ഇപ്പോഴും ഉണ്ടെന്നും ബാഴ്‌സലോണ പ്രസിഡന്റായ ലാപോര്‍ട്ടയുടെ പെരുമാറ്റമാണ് ക്ലബ്ബില്‍ നിന്ന് താരത്തിന്റെ പുറത്താകലിന് വഴി തെളിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അന്ന് മെസി തന്റെ ഇഷ്ട ക്ലബ്ബായ ബാഴ്സലോണയില്‍ തുടരാന്‍ ശ്രമിച്ചിരുന്നെങ്കിലും ലപോര്‍ട്ട താരത്തിന്റെ കരാര്‍ പുതുക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കോപ്പ അമേരിക്ക നടക്കുമ്പോഴും ബാഴ്‌സലോണ തന്റെ കരാര്‍ പുതുക്കിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു മെസി എന്നും എന്നാല്‍ അവരുടെ പ്രതികരണം താരത്തെ നിരാശപ്പെടുത്തുകയായിരുന്നെന്നും പറയുകയാണ് മുന്‍ അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്വേറോ.
‘കോപ്പ അമേരിക്ക നടക്കുമ്പോള്‍ മെസി ബാഴ്‌സലോണ ജേഴ്‌സി കയ്യില്‍ കരുതിയിരുന്നു. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും അവന്‍ പറയുമായിരുന്നു ബാഴ്സലോണ കരാര്‍ പുതുക്കിയിട്ടുണ്ടാകുമെന്നും ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് വരുമ്പോള്‍ നിങ്ങള്‍ എന്നോടൊപ്പം ഫോട്ടോ എടുക്കേണ്ടി വരുമെന്നും. എന്നാല്‍ ഓരോ തവണ ഞങ്ങള്‍ തയ്യാറെടുക്കുമ്പോഴും അവര്‍ പറയും ഇതുവരെ ആയിട്ടില്ലെന്ന്,’ അഗ്വേറോ പറഞ്ഞു.
നിരവധി റെക്കോര്‍ഡുകളാണ് മെസി ബാഴ്സക്ക് വേണ്ടി നേടിയിരുന്നത്. മെസിയുടെ വിടവാങ്ങലിന് ശേഷം തങ്ങളുടെ പ്രതാപകാലം തിരിച്ചുപിടിക്കാന്‍ ബാഴ്സ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് മുന്നേറാന്‍ ക്ലബ്ബിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മെസി ബാഴ്‌സയിലേക്ക് മടങ്ങുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മെസിക്ക് ബ്ലൂഗ്രാനക്കൊപ്പം കളിക്കാന്‍ താത്പര്യമുണ്ടായിരുന്നെന്നും എന്നാല്‍ സൈനിങ്ങിലെ തടസങ്ങള്‍ അതിന് വിലങ്ങ് തടിയാവുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം, ക്ലബ്ബുമായി സൈനിങ് നടത്താന്‍ ബാഴ്‌സലോണ തനിക്കിതുവരെ ഔദ്യോഗിക ഓഫര്‍ ലെറ്ററുകള്‍ അയച്ചിരുന്നില്ലെന്ന് മെസി പറഞ്ഞിരുന്നു.
തന്നെ തിരിച്ചെടുക്കണമെങ്കില്‍ ബാഴ്‌സലോണക്ക് നിരവധി താരങ്ങളെ വില്‍ക്കേണ്ടി വരുമെന്നും താരങ്ങളുടെ വേതനം വെട്ടിക്കുറക്കേണ്ടി വരുമെന്ന് കേട്ടിരുന്നെന്നും തനിക്കതിനോട് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാഴ്‌സയില്‍ നേരത്തെ അഭിമുഖീകരിച്ച പ്രതിസന്ധികളിലൂടെ ഒരിക്കല്‍ കൂടി കടന്നുപോകരുതെന്ന് ആഗ്രഹിച്ചിരുന്നെന്നും മെസി പറഞ്ഞു.
യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് ചേക്കേറിയ മെസി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്റര്‍ മയാമിക്കായി ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും ഒരു അസിസ്റ്റും താരം ഇതുവരെ അക്കൗണ്ടിലാക്കി കഴിഞ്ഞു.
എം.എല്‍.എസില്‍ കളിയാരംഭിച്ചയുടന്‍ പ്രകടന മികവ് കൊണ്ടും ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ കൊണ്ടും ശ്രദ്ധേയനാവുകയാണ് ഈ 36കാരന്‍. ഈ പ്രകടനം തുടരുകയാണെങ്കില്‍ ഇന്റര്‍ മയാമിയുടെ ടോപ്പ് ഗോള്‍ സ്‌കോററാകാന്‍ മെസിക്ക് അധിക സമയം വേണ്ടെന്നാണ് ഫുട്‌ബോള്‍ വിദഗ്ദരുടെ വിലയിരുത്തല്‍.
അരങ്ങേറ്റ മത്സരത്തില്‍ ഒരു ഗോളും ബാക്കി രണ്ട് മത്സരങ്ങളിലും ഇരട്ട ഗോളുകളും വലയിലെത്തിച്ച മെസിക്ക് ഇനി 24 ഗോള്‍ നേടിയാല്‍ മയാമിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാകാന്‍ സാധിക്കും.