| Sunday, 16th July 2023, 10:30 pm

'ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കേഴ്‌സ്'; മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് അഗ്വേറോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോളിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാര്‍ ആരൊക്കെയെന്ന് തുറന്നുപറഞ്ഞ് മുന്‍ അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്വേറോ. ട്വിച്ച് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ നടത്തിയ ക്യൂ ആന്‍ഡ് എ സെഷനിലാണ് താരം മൂന്ന് മികച്ച സ്ട്രൈക്കര്‍മാരുടെ പേര് തുറന്ന് പറഞ്ഞത്.

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ, ഫ്രഞ്ച് സൂപ്പര്‍ താരം തിയറി ഒന്റി, ഉറുഗ്വേന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസ് എന്നിവരുടെ പേരുകളാണ് അദ്ദേഹം പറഞ്ഞത്. അഗ്വേറയുടെ വാക്കുകള്‍ ഉദ്ധരിച്ച് ലിവര്‍പൂള്‍ ഇക്കോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ടോപ് ത്രീ സ്ട്രൈക്കേഴ്സ്? റൊണാള്‍ഡോ നസാരിയോ, തിയറി ഒന്റി, ലൂയിസ് സുവാരസ്. എന്നീ ക്രമത്തില്‍ മൂന്ന് പേരുകള്‍ ഞാന്‍ പറയും,’ അഗ്വേറോ പറഞ്ഞു.

നിലവില്‍ തന്നെ അതിശയിപ്പിച്ച് കൊണ്ടിരിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് താരം ഫില്‍ ഫോഡന്‍ ആണെന്നും അഗ്വേറോ പറഞ്ഞിരുന്നു. ഫോഡന്റെ വേഗതയും തന്ത്രങ്ങളും തന്നെ ആകര്‍ഷിക്കുകയായിരുന്നെന്നും അദ്ദേഹമാണ് നിലവില്‍ തന്റെ ഇഷ്ടതാരമെന്നുമാണ് അഗ്വേറോ പറഞ്ഞത്. ഒരു ബ്രോഡ്കാസ്റ്റ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഫില്‍ ഫോഡന്‍ ആണ് നിലവില്‍ എന്റെ ഇഷ്ടതാരം. ഫോഡന്‍ ഇടംകയ്യനാണ്. ലെഫ്റ്റ് ഹാന്‍ഡേഴ്‌സായ താരങ്ങളെ എനിക്ക് ഒരുപാടിഷ്ടമാണ്. അദ്ദേഹത്തിന്റേത് വളരെ ഭ്രാന്തമായ കളിയാണ്. അതെല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ്,’ അഗ്വേറോ പറഞ്ഞു.

2021ല്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം സെര്‍ജിയോ അഗ്വേറോ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബാഴ്‌സലോണക്ക് വേണ്ടി കളിക്കുന്ന സമയത്ത് താരത്തിന് ശ്വാസ തടസം അനുഭവപ്പെടുകയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

പിന്നീട് നടത്തിയ പരിശോധനയിലാണ് താരത്തിന് അസുഖം സ്ഥിരീകരിച്ചത്. 2021ല്‍ തന്നെ അഗ്വേറോ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സക്ക് വേണ്ടി വളരെ കുറഞ്ഞ മത്സരങ്ങളില്‍ മാത്രമായിരുന്നു അഗ്വേറോ കളിച്ചിരുന്നത്.

Content Highlights: Aguero names top three strikers in the world

We use cookies to give you the best possible experience. Learn more