ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങി കാര്‍ഷിക ശാസ്ത്രജ്ഞന്‍. മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. വരീന്ദര്‍പാല്‍ സിംഗാണ് വേദിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങിയത്.
കേന്ദ്ര മന്ത്രിയടക്കം നിരവധി പ്രമുഖര്‍ അണിനിരന്ന പരിപാടിയില്‍ അവാര്‍ഡിനായി വരീന്ദര്‍പാല്‍ സിംഗിന്റെ പേര് വിളിക്കുകയായിരുന്നു. ഹര്‍ഷാരവത്തോടെ സദസ് അദ്ദേഹത്തെ സ്വീകരിച്ചു.
എന്നാല്‍ പുരസ്‌കാരം നിരസിക്കുന്നതായി വരീന്ദര്‍പാല്‍ സിംഗ് വേദിയില്‍ വെച്ച് പറയുകയായിരുന്നു. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് വേദിയില്‍ സംഘാടകരെ അദ്ദേഹം ഏല്‍പ്പിക്കുകയും ചെയ്തു.
നമ്മുടെ കര്‍ഷകര്‍ തെരുവിലിരിക്കുമ്പോള്‍ എന്റെ മനസാക്ഷി ഈ പുരസ്‌കാരം സ്വീകരിക്കാന്‍ എന്നെ അനുവദിക്കുന്നില്ലെന്നാണ് അദ്ദേഹം വേദിയില്‍ പറഞ്ഞത്.
ഞങ്ങള്‍ കര്‍ഷകരെ പിന്തുണക്കുന്നു എന്ന മുദ്രാവാക്യം വേദിയില്‍ വിളിച്ചതിന് ശേഷം സീറ്റില്‍ പോയിരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ സംഘാടകര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചുവെങ്കിലും വിസമ്മതിക്കുകയായിരുന്നു.
Agriculture Scientist Dr.Varinder Pal Singh refuses to receive a prestigious award from Union minister as a form of protest
പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്റ്റാണ് വരീന്ദര്‍പാല്‍ സിംഗ്. ഫെര്‍ട്ടിലൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്. കാര്‍ഷിക മേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
” നമ്മുടെ എല്ലാ സ്ഥാപനങ്ങളും ഒരുമിച്ച് നിന്ന് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ ഞങ്ങള്‍ വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ രാജ്യത്തെ കര്‍ഷകര്‍ക്കാണ് സമര്‍പ്പിക്കുന്നത്.
അതുകൊണ്ട് തന്നെ ഈ സമയത്ത് സര്‍ക്കാരിന്റെ പുരസ്‌കാരം സ്വീകരിച്ചാല്‍ അത് ധാര്‍മ്മികമായി ശരിയായിരിക്കില്ല. എന്നിരുന്നാലും കേന്ദ്ര മന്ത്രിയോടും എഫ്.എ.ഐയോടും ഞാന്‍ എന്റെ കടപ്പാട് രേഖപ്പെടുത്തുന്നു”, സിംഗ് പറഞ്ഞു.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഈ അവാര്‍ഡ് സ്വീകരിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ലെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് എത്രയും പെട്ടെന്ന് കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”ഈ മഞ്ഞ് കാലത്ത് കര്‍ഷകര്‍ക്ക് റോഡില്‍ സമരം ചെയ്യേണ്ടി വരുന്നത് ദേശീയ താത്പര്യത്തിന് ചേര്‍ന്നതല്ല. ദയവ് ചെയ്ത് ഇന്ത്യയുടെ ശബ്ദം കേള്‍ക്കണം. ഈ നിയമം പിന്‍വലിക്കുന്നതിനപ്പുറത്തുള്ള ഏത് തീരുമാനവും രാജ്യത്തെ കര്‍ഷകരോടുള്ള വഞ്ചന കൂടിയാകും”. അദ്ദേഹം അഭിപ്രായപ്പെട്ടു.