| Tuesday, 27th November 2018, 11:54 am

ബി.ജെ.പി നേതാക്കള്‍ക്ക് പിടിച്ചില്ല; നോട്ടുനിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തെന്ന റിപ്പോര്‍ട്ട് തിരുത്തി കാര്‍ഷിക മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ടുനിരോധനം രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞെന്ന കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ബി.ജെ.പി നേതാക്കളുടെ അതൃപ്തിയെ തുടര്‍ന്ന് തിരുത്തി. കഴിഞ്ഞയാഴ്ച പാര്‍ലമെന്ററി പാനലിന് കാര്‍ഷിക മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടാണ് തിരുത്തിയത്.

എന്നാല്‍ ഇതു തിരുത്തി നോട്ടുനിരോധനത്തിനുശേഷം കാര്‍ഷിക മേഖലയില്‍ മികച്ച വളര്‍ച്ചയാണുണ്ടായതെന്നാക്കുകയായിരുന്നു. ” വിത്തിന്റെ ഗുണനിലവാരം, മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് റാബി വിളകള്‍ക്കും ഉല്പാദനത്തിനും കിട്ടിയ മികച്ച ശ്രദ്ധ എന്നിവയാണ് ഉണ്ടായത്. അതു വ്യക്തമാക്കുന്നത് നോട്ടുനിരോധനം കാര്‍ഷിക മേഖലയില്‍ മോശം പ്രഭാവം ഉണ്ടാക്കിയിട്ടില്ലയെന്നാണ്. ” എന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നോട്ടുനിരോധനം കര്‍ഷകരേയും ഭൂവുടമകളേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

Read Also : സുപ്രീം കോടതി രാഷ്ട്രീയ സമ്മര്‍ദത്തിനു അടിമപ്പെടുമെന്നോ; അയോധ്യ വിഷയത്തില്‍ മോദിയുടെ പ്രസ്താവന കോടതിയലക്ഷ്യമെന്ന് കപില്‍ സിബല്‍

” ശൈത്യകാലത്തേക്കുള്ള വിളവിനായി ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങിക്കാന്‍ പണമില്ലാത്ത അവസ്ഥവന്നു. കര്‍ഷകര്‍ക്ക് ദിവസക്കൂലി നല്‍കുന്നതിനും കൃഷിക്കായി വിത്തുകള്‍ വാങ്ങുന്നതിനും പണമില്ലാതെ വലിയ ഭൂവുടമകള്‍ പോലും ബുദ്ധിമുട്ടി.” എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ഇന്ത്യയിലെ 263 മില്യണ്‍ കര്‍ഷകരും പണം അടിസ്ഥാനമായുള്ള സമ്പദ് വ്യവസ്ഥയെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കര്‍ഷകര്‍ ഖാരിഫ് വിളകള്‍ വില്‍ക്കുകയോ റാബി വിളകള്‍ വിതയ്ക്കുകയോ ചെയ്യുന്ന സമയത്താണ് ഇത് സംഭവിച്ചതെന്നും മന്ത്രാലയം പറയുന്നു. ഇരുസാഹചര്യത്തിലും പണം വളരെ പ്രധാനപ്പെട്ടതായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

പണത്തിന്റെ അഭാവം കാരണം ദേശീയ വിത്തു കോര്‍പ്പറേഷന് 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പു വിത്ത് വില്‍ക്കാന്‍ കഴിഞ്ഞില്ല. ഗോതമ്പ് പ്രധാന റാബി വിളയാണ്. ഇന്ത്യയില്‍ 300ലക്ഷം ഹെക്ടറോളം ഗോതമ്പു കൃഷിയുണ്ട്. കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങാനായി പഴയ കറന്‍സി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടും ഗോതമ്പു വിത്ത് വിപണനം മെച്ചപ്പെട്ടില്ലെന്നും കാര്‍ഷിക മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

500ന്റെയും 1000ത്തിന്റെയും കറന്‍സി നോട്ടുകള്‍ നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം വന്ന് രണ്ടുവര്‍ഷത്തിനിപ്പുറമാണ് കാര്‍ഷിക മന്ത്രാലയം ഇക്കാര്യം സമ്മതിച്ച് രംഗത്തുവന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി ചില ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നതിനാല്‍ ഈ റിപ്പോര്‍ട്ട് ശരിയല്ലയെന്നായിരുന്നു ബി.ജെ.പി നേതാക്കള്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more