| Thursday, 26th July 2018, 11:40 pm

ഇത്രയും കാലം അധ്വാനിച്ചിട്ടും ദാരിദ്രം മാത്രമേ ഉള്ളൂ: ഞങ്ങളുടെ ലാഭം കൊണ്ടുപോകുന്നത് ഇടനിലക്കാരാണ്: വട്ടവടയിലെ കര്‍ഷകര്‍ പറയുന്നു

ജംഷീന മുല്ലപ്പാട്ട്

350 വര്‍ഷമായി കൃഷി ചെയ്യുന്നവരാണ് വട്ടവടയിലുള്ളവര്‍. അത് പോലെ 350 വര്‍ഷമായി ദാരിദ്രത്തിന്റെ പടുകുഴിയില്‍ നിന്നും മോചനം ലഭിക്കാത്തവരുമാണ് വട്ടവടക്കാര്‍. അഞ്ചു സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്ന വട്ടവടക്കാര്‍ എന്താണ് ഇന്നും തീരാ ദുരിതത്തില്‍ കഴിയുന്നത് എന്ന ചിന്ത അഭിമന്യുവിനെ നിരന്തരം അലട്ടിയിരുന്നതായി അഭിമന്യുവിന്റെ സുഹൃത്ത് തമിഴഴകാന്‍ ഞങ്ങളോട് പങ്കുവെച്ചു.

ഈ അവസ്ഥയില്‍ നിന്നും ഗ്രാമത്തിന് മോചനം വേണമെന്നും ആ ചെറുപ്പക്കാരന്‍ ആഗ്രഹിച്ചിരുന്നു. വട്ടവടയിലെ അഞ്ച് ഏക്കര്‍ എന്നുള്ളത് കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ അഞ്ച് സെന്റിനു തുല്യമാണ്. ഞങ്ങളുടെ കൃഷിയില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ മുക്കാല്‍ പങ്കും കൊണ്ടുപോകുന്നത് ഇടനിലക്കാരാണെന്ന് ഞങ്ങളോട ആദ്യം സൂചിപ്പിച്ചത് തമിഴഴകനാണ്. കൂടുതല്‍ കര്‍ഷകരോട് സംസാരിച്ചപ്പോഴാണ് മനസ്സിലായത് അവരെ ദാരിദ്രത്തില്‍ തന്നെ നിലനിര്‍ത്തുന്നത് ഈ ഇടനിലക്കാരാണെന്ന്.

തട്ടു തട്ടായാണ് വട്ടവടക്കാര്‍ കൃഷി ചെയ്യുന്നത്. കാരറ്റ്, കാബേജ്, ബീന്‍സ്, വെള്ളുത്തുള്ളി, ഉരുളന്‍കിഴങ്ങ്, ബട്ടര്‍ ബീന്‍സ്, സ്‌ട്രോബറി, ബട്ടര്‍ ഫ്രൂട്ട് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ശീതകാല പച്ചക്കറി ലഭിക്കുന്ന വട്ടവടയിലെ പ്രധാന വിളകള്‍. നെല്ല്, ഗോതമ്പ്, റാഗി എന്നീ പാരമ്പര്യ വിളകള്‍ ഇപ്പോള്‍ കൃഷി ചെയ്യുന്നില്ല. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള എട്ടുമാസക്കാലം വട്ടവടക്കാര്‍ ഭൂമിയില്‍ എല്ലു വെള്ളമാക്കി പണിയെടുക്കും.

മഴയും തണുപ്പിനെയും മഞ്ഞിനേയും വകവെയ്ക്കാതെ ജീവിതം കെട്ടിപ്പടുക്കാന്‍ കൃഷി ചെയ്യും. എന്നാല്‍ അധ്വാനം മാത്രം ബാക്കിയാവും. പണം പലിശക്കാരും കടക്കാരും ഇടനിലക്കാരും കൊണ്ടുപോകും. തുടര്‍ന്നും പ്രതീക്ഷ കൈവിടാതെ വിത്തിറക്കും. ഭൂമിയില്‍ അധ്വാനിച്ച് മാത്രമേ തഴക്കമൊള്ളൂ. രാവിലെ ആറുമണിയോടെ കൃഷിയിടത്തിലേയ്ക്ക് ഇറങ്ങിയാല്‍ ഇരുട്ട് പരക്കുന്നതുവരെ കുടുംബത്തിലെ എല്ലാവരും പണിയെടുക്കും. കൊച്ചു കുട്ടികള്‍ അടക്കം നടാനും, കളപറിക്കാനും വിളവെടുക്കാനും നനയ്ക്കാനും കൂടും.

ഒരുവര്‍ഷം ഏകദേശം 10 ലക്ഷം ടണ്‍ പച്ചക്കറികള്‍ വട്ടവടയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 20 കോടിക്കുമുകളില്‍ തുക വില്‍പ്പനയില്‍ ലഭിക്കാറുമുണ്ട്. എന്നിട്ടും വട്ടവടയില്‍ പട്ടിണി മാറുന്നില്ല. കര്‍ഷകരുടെ ദുരിതം തീരുന്നുമില്ല. വട്ടവടയിലെ പ്രധാന കൃഷി ബട്ടര്‍ ബീന്‍സാണ്. മുന്നാറില്‍ നിന്നുതന്നെ ഒരു കിലോ വാങ്ങിക്കണമെങ്കില്‍ 160 രൂപ കൊടുക്കണം. ഇടനിലക്കാരാകട്ടെ വട്ടവടയില്‍ നിന്നും വാങ്ങിക്കുന്നത് 40 രൂപയ്ക്കാണ്. അപ്പോള്‍ തന്നെ ഊഹിക്കാവുന്നതേ ഉള്ളൂ ഇടനിലക്കാര്‍ കൊയ്യുന്ന കൊള്ളലാഭം.

ബട്ടര്‍ ബീന്‍സ് മധുരയിലെക്കാണ് കയറ്റിയയക്കുന്നത്. കാബേജ് പെരുമ്പാവൂരിലേക്കും. ബാക്കിയുള്ള പച്ചക്കറികള്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്കും കയറ്റിയയക്കും. കൃഷി ഇറക്കാനുള്ള പൈസ വാങ്ങിക്കുന്നത് കടക്കാരില്‍ നിന്നും പലിശക്കാരില്‍ നിന്നുമാണ്. വിത്തു മുതല്‍ പുറത്ത് നിന്നും പണം കൊടുത്ത് വാങ്ങിക്കണം. ഓണമാകുമ്പോഴും വിഷുവാകുമ്പോഴും മഴപെയ്യുംമ്പോഴും കൃഷി ഓഫീസുകള്‍ വഴി വിവിധ ഇനം വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന കേരള കൃഷി വകുപ്പിന് പക്ഷേ വട്ടവടയിലെ കര്‍ഷകരെ അറിയുകപോലുമില്ല.

വിളവെടുപ്പായാല്‍ ആദ്യം എത്തുന്നത് കടക്കാരാണ്. പിറകെ ഇടനിലക്കാരും. അവിടെ വെച്ച് തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് കച്ചോടം ഉറപ്പിക്കും. കര്‍ഷകര്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല. കാരണം കടക്കാരന്‍ കാത്തുനിക്കുന്നുണ്ടാകും പൈസ വാങ്ങിക്കാന്‍. മാര്‍ക്കറ്റില്‍ 400 രൂപയ്ക്ക് കിട്ടുന്ന വെളുത്തുള്ളി വെറും 40, 50 രൂപയ്ക്കാണ് ഇടനിലക്കാരന്‍ കൊണ്ടുപോകുന്നത്. ഇത് കണ്ടുനില്‍ക്കാനേ വട്ടവടക്കാരന് യോഗമൊള്ളൂ എന്ന് ചിന്നത്തമ്പി പറഞ്ഞു. എല്ലാ നിസ്സഹായതയും ആ കര്‍ഷകന്റെ മുഖത്തുണ്ടായിരുന്നു.

കൃഷിയില്‍ നിന്നും വരുമാനം കുറവായതിനാല്‍ വട്ടവടക്കാര്‍ പുറം പണിക്ക് പോകുന്നുണ്ട്. കനാല്‍ വെട്ടാനും, തൊഴിലുറപ്പിനും, കെട്ടിടം പണിക്കും പോകും. പുരുഷന്മാര്‍ക്ക് 300 മുതല്‍ 500 രൂപവരെ കൂലികിട്ടും. സ്ത്രീകള്‍ക്കാവട്ടെ 200 മുതല്‍ 400 രൂപ വരെ ലഭിക്കും. ഇപ്പോഴും കേരളത്തിലെ ആളുകളായി സര്‍ക്കാര്‍ ഞങ്ങളെ കണക്കാക്കുന്നില്ല. ഞങ്ങള്‍ തമിഴ് സംസാരിക്കുന്നവര്‍ ആണെങ്കിലും കേരളീയര്‍ തന്നെയാണ്. ഇങ്ങനെ ഇടനിലക്കാര്‍ ചൂഷണം തുടര്‍ന്നാല്‍ ഞങ്ങളുടെ കൃഷിതന്നെ ഇല്ലാതെയാവും. ഞങ്ങളും നശിക്കും.

സര്‍ക്കാര്‍ എന്തെങ്കിലും സഹായം ചെയ്തു തരണം. ഞങ്ങളുടെ കൃഷി സംരക്ഷിക്കണം. ഒരിക്കല്‍ ഭക്ഷ്യ സ്വയം പര്യാപ്തതയുണ്ടായിരുന്ന ഒരു ഗ്രാമമാണ് ഇങ്ങനെ പറയുന്നത്. പച്ചക്കറികള്‍ക്കും മറ്റും ഇതര സംസ്ഥാനക്കാരെ ആശ്രയിക്കുന്ന കേരളം വട്ടവടയെ ബോധപൂര്‍വം അവഗണിക്കുകയാണ്. ഇടനിലക്കാരെ ഒഴിവാക്കി ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിപണിയില്‍ എത്തിക്കാനുള്ള സഹായമാണ് വട്ടവടയ്ക്ക് ആവശ്യമുള്ളത്.

ഇവിടുത്തെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് തറവില നിശ്ചയിട്ടില്ല. തറവില നിശ്ചയിച്ചിട്ടില്ലാത്തതുകൊണ്ട് ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് കൃത്യമായ വിലയും കിട്ടുന്നില്ല. കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണിത്. ഇതിന് പരിഹാരം കണ്ടത്തേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. രണ്ടര നൂറ്റാണ്ടായി കൃഷി ചെയ്തിട്ടും പട്ടിണിമാറാത്തവരായി വട്ടവടക്കാര്‍ അതിജീവിക്കാന്‍ പെടാപ്പാടുപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം ഇടനിലക്കാരുടെ ചൂഷണം തന്നെയാണ്. ഈ അവസ്ഥ മാറാനാണ് അഭിന്യുവും ആഗ്രഹിച്ചത്.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more