ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. കാര്‍ഷിക നിയമത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം ചോദിക്കാതിരുന്ന കേന്ദ്രനടപടിയും പവാര്‍ ചോദ്യം ചെയ്തു.
ദല്‍ഹിയിലിരുന്നുകൊണ്ട് കൃഷി ഉണ്ടാക്കാമെന്ന ധാരണ കേന്ദ്രത്തിന് ഉണ്ടെങ്കില്‍ അത് നടക്കാത്ത ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷിയെന്നും അല്ലാതെ ദല്‍ഹിയില്‍ ഇരുന്ന് കേന്ദ്രസര്‍ക്കാരിന് കൃഷി നടത്താനാവില്ലെന്നുമാണ് പവാര്‍ പറഞ്ഞത്. കാര്‍ഷിക മേഖലയില്‍ മാറ്റം കൊണ്ടുവരണമെന്ന് താനും മന്‍മോഹന്‍ സിംഗും കരുതിയിരുന്നെന്നും എന്നാല്‍ അത് ഇപ്പോള്‍ നടപ്പാക്കിയ പോലെയുള്ള ഒന്നല്ലെന്നും പവാര്‍ പറഞ്ഞു.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ നാളെ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ച തിങ്കളാഴ്ച വൈകുന്നേരം കേന്ദ്രം മാറ്റുകയായിരുന്നു.
ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാനമായി ചര്‍ച്ച നടത്തിയിരുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയില്‍ ചില ഉറപ്പുകള്‍ നല്‍കാമെന്നുമായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.
നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക