Kerala News
15 ക്വിന്റല്‍ നെല്ല് വിളയിച്ച് ജെ.സി.ഇ.ടിയിലെ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 31, 05:05 am
Friday, 31st January 2025, 10:35 am

ലക്കിടി: 15 ക്വിന്റല്‍ നെല്ല് വിളയിച്ച് അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍. മംഗലം പഞ്ചായത്തിലെ 19ാം വാര്‍ഡിലെ കുണ്ടില്‍ പാടശേഖരത്ത് നിന്നും ലക്കിടി ജെ.സി.ഇ.ടി വിദ്യാര്‍ത്ഥികളാണ് 1500 കിലോ നെല്ല് വിളയിച്ചത്.

ജെ.സി.ഇ.ടിയിലെ രണ്ടാം വര്‍ഷ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളായ 29 പേര്‍ ചേര്‍ന്നാണ് ഒന്നരയേക്കര്‍ പാടത്തുനിന്നും 15 ക്വിന്റല്‍ നെല്ല് കൃഷിചെയ്‌തെടുത്തത്. കോഴ്‌സിന്റെ ഭാഗമായുള്ള ക്രോപ് ഹസ്ബന്‍ഡറി ലാബിന്റെ ഭാഗമായാണ് ഞാറൊരുക്കിയും വിള പരിപാലിച്ചും ഒടുവില്‍ കൊയ്‌തെടുത്തും കുട്ടി എന്‍ജിനീയര്‍മാര്‍ കുട്ടി കര്‍ഷകരായത്.

കോഴ്‌സിന്റെ ഭാഗമായാണ് കൃഷിയിടത്തേക്ക് ഇറങ്ങിയതെങ്കിലും കൃഷിയില്‍ പൂര്‍ണമായും ആത്മസമര്‍പ്പണം നടത്തിയാണ് ഈ സംഘം വിജയം കൊയ്തത്. കോളേജ് അങ്കണത്തില്‍ പയറും വെണ്ടയും മത്തനും നട്ടായിരുന്നു തുടക്കം.

കുട്ടികളുടെ കാര്‍ഷിക ആവേശം കണ്ടറിഞ്ഞതോടെ കുണ്ടില്‍ പാടത്തെ ഒന്നര ഏക്കര്‍ പാടം നെഹ്റു ഗ്രൂപ് വാങ്ങി നെല്‍കൃഷിക്കായി വിട്ടുനല്‍കുകയായിരുന്നു. നിലമൊരുക്കാന്‍ മാത്രമാണ് അവര്‍ പുറമെ നിന്നുള്ളവരുടെ സഹായം തേടിയത്. വിത്ത് കണ്ടെത്തല്‍ മുതല്‍ക്കുള്ള എല്ലാ കാര്യങ്ങളും കുട്ടികള്‍ തന്നെയാണ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബറില്‍ ഉമ ഇനത്തില്‍പെട്ട വിത്ത് ശേഖരിച്ച് ഞാറൊരുക്കുകയും ഞാറ് നട്ടും പരിപാലിച്ചുമാണ് കുട്ടികള്‍ നേട്ടം കൊയ്തത്. തികച്ചും ജൈവ രീതികള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി . അടുത്ത വിള മുതല്‍ യന്ത്രസഹായത്തോടെ നിലമൊരുക്കലും നടത്താനാകും എന്ന ആത്മവിശ്വാസത്തിലാണ് കുട്ടികള്‍.

കുട്ടികള്‍ ചേര്‍ന്ന് കൊയ്ത്ത് തുടങ്ങിവെക്കുകുയും പിന്നാലെ കൊയ്ത്ത് യന്ത്രമുപയോഗിച്ച് പൂര്‍ത്തിയാക്കുകയും ചെയ്തു. 1500 കിലോ വിളവ് ലഭിച്ചതില്‍ കുറച്ചു നെല്ല് പുഴുങ്ങുന്നതും കുത്തുന്നതും തവിട് കളയുന്നതും അവിലും മലരും ഉണ്ടാക്കുന്നതും അടക്കമുള്ള വിവിധ ഘട്ടങ്ങള്‍ പഠിക്കുന്നതിനായി മാറ്റിവെക്കും. കുറച്ചു ഭാഗം കുട്ടികള്‍ക്ക് നല്‍കും. സ്വന്തമായി ബ്രാന്‍ഡ് ചെയ്ത് വിപണിയില്‍ ഇറക്കാമെന്ന ആഗ്രഹവും കുട്ടികള്‍ക്കുണ്ട്.

പഠനത്തിന്റെ ഇടവേളകളില്‍ കൃഷി നോക്കാനായി കുട്ടികള്‍ എത്തിയതോടെ അടുത്തുള്ള കര്‍ഷകര്‍ക്കും സന്തോഷവാന്മാരായി. കുട്ടികളുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുത്തും അവരോട് ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞും തൊട്ടടുത്തുള്ള പാടങ്ങളിലെ കൃഷിക്കാരും കുട്ടിക്കര്‍ഷകരോട് സഹകരിച്ചു . ഇനി കുട്ടികള്‍ക്കൊപ്പം ഒന്നിച്ചു കൃഷി ചെയ്യാമെന്നാണ് അവരുടെ തീരുമാനം.

അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എന്‍.സി സ്‌നേഘ, നിതിന്‍ രാജ് , വകുപ്പ് മേധാവി ഡോ.ഇ.കെ കുര്യന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കൃഷി നടന്നത്.

Content Highlight: Agricultural Engineering students of JCET grow 15 quintals of paddy