തിരുവനന്തപുരം: കൊടുംവരള്‍ച്ചക്കിടെ എം.എല്‍.എ മാര്‍ക്ക് കൃഷിവകുപ്പിന്റെ എല്‍.സി.ഡി ടിവി കേരളത്തിലെ ഭരണ പ്രതിപക്ഷ രംഗത്തെ എം.എല്‍.എ മാര്‍ക്കാണ് വിഷുക്കൈനീട്ടമായി കൃഷിമന്ത്രി കെ.പി മോഹനന്‍ എല്‍.സി.ഡി ടിവി നല്‍കിയത്. []
140 എം.എല്‍.എ മാര്‍ക്ക് എല്‍.സി.ഡി ടിവി നല്‍കിയ കൃഷിമന്ത്രി വന്‍ ധൂര്‍ത്താണ് ഈ വകയില്‍ നടത്തിയതെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ വിവിധ വകുപ്പുകള്‍ ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്നത് പതിവാണ്. എന്നാല്‍ സംസ്ഥാന നേരിടുന്ന വരള്‍ച്ചാ കെടുതികള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്ത അതേദിവസം എം.എല്‍.എമാര്‍ക്ക് വേണ്ടി ഇത്രയധികം തുക ചെലവഴിച്ചതാണ് വിമര്‍ശനവിധേയമായിരിക്കുന്നത്.
എല്‍.സി.ഡി ടിവിയ്ക്ക് പുറമെ കൃഷി വകുപ്പ് പുറത്തിറക്കിയ പുതിയ ഉല്‍പന്നമായ നീരയും കൈനീട്ടമായി നല്‍കിയിട്ടുണ്ട്.
സഭാസമ്മേളനത്തിന്റെ അവസാനദിനത്തില്‍ സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ പറ്റിയുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് കൃഷി വകുപ്പ് സമ്മാനം നല്‍കിയത്.
ഇരുപത് ലക്ഷത്തിലേറെ ഇതിനായി കൃഷി വകുപ്പ് മുടക്കി. 22 ഇഞ്ച് സോണി എല്‍.സി.ഡി ടിവിയാണ് പ്രതിപക്ഷ എം.എല്‍.മാര്‍ക്ക് ഉള്‍പ്പെടെ സമ്മാനിച്ചത്.
പുറത്തിറക്കിയ ഉല്‍പന്നമായ നീരയുടെ വിജയം ആഘോഷിക്കാനാണ് സമ്മാനം നല്‍കിയതെന്ന് കൃഷിവകുപ്പ് പ്രതികരിച്ചു. എന്നാല്‍ വിഷയത്തോട് പ്രതികരിക്കാന്‍ കൃഷിമന്ത്രി കെ പി മോഹനനോ മറ്റ് എം.എല്‍.എമാരോ തയ്യാറായിട്ടില്ല.
കൃഷി വകുപ്പിന്റെ കീഴിലുള്ള ബോര്‍ഡുകളാണ് ഇതിനായുള്ള ധനസമാഹരണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
16,000 രൂപ വിലയുള്ള ടി.വി പക്ഷേ, 12000 രൂപയ്ക്കാണ് വാങ്ങിയത്. എന്നാല്‍ വരള്‍ച്ചാ ദുരിതാശ്വാസവുമായി ഇതിനെ ബന്ധപ്പെടുത്തേണ്ട എന്നാണ് കൃഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.