| Thursday, 24th January 2013, 12:30 am

കാര്‍ഷിക കടങ്ങള്‍ക്ക് ഇനി മൊറോട്ടോറിയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം : സംസ്ഥാനത്തെ  കാര്‍ഷിക കടങ്ങള്‍ക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തും. സംസ്ഥാനം അതി രൂക്ഷമായ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ലഭിക്കേണ്ട തുലാവര്‍ഷ മഴയില്‍ 35 ശതമാനം കുറവ്് ഉണ്ടായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് അതി രൂക്ഷമായ വരള്‍ച്ച് ഉണ്ടായത്. ഇതേ തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളേയും സര്‍ക്കാര്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.[]

ഒരു വര്‍ഷത്തെ പലിശ പൂര്‍ണ്ണമായി എഴുതി തള്ളാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അതേപോലെ ഒരു വര്‍ഷത്തിന് ശേഷം കാര്‍ഷിക കടങ്ങള്‍ പുനക്രമീകരിക്കാനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. കാര്‍ഷിക വായ്പയിന്‍ മേലുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കും.

കൂടാതെ സഹകരണബാങ്കില്‍ നിന്നും എടുത്ത് കാര്‍ഷിക വായ്പകളുടെ തിരിച്ചടവ് ഒരുവര്‍ഷത്തേക്ക്് നീട്ടും. ഇത് എല്ലാ സഹകരണബാങ്കുകളും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രിസഭ യോഗം നിര്‍ദ്ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട് മറ്റ് തീരുമാനങ്ങള്‍ എടുക്കാന്‍ അടുത്ത മാസം അഞ്ചിന് ചേരുന്ന സംസ്ഥാന തല ബാങ്ക് മീറ്റിങ്ങില്‍ വിവിധ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കും.

തോട് വെട്ടുക, മണല്‍തിട്ട മാറ്റുക തുടങ്ങിയ ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കും. കുടിവെള്ള വിതരണത്തിനായി പഞ്ചായത്ത്കള്‍ക്ക് 5 ലക്ഷം രൂപയും മുന്‍സിപ്പാലിറ്റികള്‍ക്ക് 10 ലക്ഷം രൂപയും, കോര്‍പ്പ്‌റേഷന് 25 ലക്ഷം രൂപയും ചെലവഴിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഓരോ മന്ത്രിമാര്‍ക്കും ഓരോ ജില്ലയുടെ ചുമതല ഏല്‍പ്പിക്കാനും മന്ത്രിസഭ യോഗത്തില്‍ ധാരണയായി. തോടുകളില്‍ തടയണ കെട്ടുക, കുഴല്‍ കിണറുകള്‍ കുഴിക്കുക എന്നിവക്ക് ജലവിഭവ വകുപ്പ് നല്‍കിയ പദ്ധതിക്ക് യോഗത്തില്‍ അംഗീകാരം ലഭിച്ചു.

ഇതിന്റെ അദ്ധ്യക്ഷന്‍ ചീഫ് സെക്രട്ടറി ആയിരിക്കും. ജല വിഭവ പൈപ്പുകള്‍ നന്നാക്കാന്‍ 52 കോടിയും പഴയവ മാറ്റി സ്ഥാപിക്കാന്‍ 498 കോടിയും യോഗത്തില്‍ വകയിരുത്തി. ഈ തുക ബജറ്റില്‍ ഉള്‍പ്പെടുത്തും.

നെല്ല്്, കുരുമുളക്, കശുവണ്ടി, തുടങ്ങിയ വിളകള്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്താനും മന്ത്രിസഭ യോഗത്തില്‍ തീരമാനിച്ചു.

വിലക്കയറ്റം നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഈ മാസം 28 ന് പ്രത്യേക മന്ത്രിസഭായോഗ ചേരും.

We use cookies to give you the best possible experience. Learn more