കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ധാരണ; സ്ഥിരീകരിച്ച് ചൈന
World News
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ധാരണ; സ്ഥിരീകരിച്ച് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2024, 5:01 pm

ബെയ്ജിങ്; കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കരാറിലൊപ്പിട്ടുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ചൈന. കിഴക്കന്‍ ലഡാക്കില്‍ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയതായും ചൈന അറിയിച്ചു.

റഷ്യയിലെ കസാനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങും തമ്മില്‍ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലായിരുന്നു തീരുമാനമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നയതന്ത്ര-സൈനിക മാര്‍ഗങ്ങളിലൂടെ ഇന്ത്യയും ചൈനയും കൂടിയാലോചനകള്‍ നടത്തിവരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചൈനയുടെ ഭാഗത്ത് നിന്നും സ്ഥിരീകരണങ്ങള്‍ ഉണ്ടാവുന്നത് ഇപ്പോഴാണ്.

ഇരുരാജ്യങ്ങളെയും സംബന്ധിച്ചുള്ള പല പ്രസക്തമായ കാര്യങ്ങളിലും തീരുമാനത്തിലെത്തിയതായും ഇക്കാര്യങ്ങളെല്ലാം നടപ്പാക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ കുറച്ചാഴ്ചകളായി ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്രപരവും സൈനികപരവുമായ നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടായിരുന്നെന്നും തത്ഫലമായാണ് ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ പെട്രോളിങ് ക്രമീകരണങ്ങളില്‍ ധാരണയിലെത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

കിഴക്കന്‍ ലഡാക്കിലെ എല്‍.എ.സിയില്‍ പെട്രോളിങ് നടത്തുന്നതിന് ചൈനയുമായി കരാറിലെത്തിയതായി ഇന്ത്യ ഇന്നലെ (21.10.24) അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ നാല് വര്‍ഷത്തിലേറെയായി തുടരുന്ന സൈനിക തര്‍ക്കം അവസാനിപ്പിക്കുന്നതായും ഇന്ത്യ പറഞ്ഞിരുന്നു.

ഇന്ത്യയിലെയും ചൈനയിലേയും സൈനികര്‍ക്ക് പെട്രോളിങ് പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അറിയിച്ചിരുന്നു.

2020ല്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാവുന്നത്.

Content Highlight: Agreement to end tensions with India in eastern Ladakh; Confirmed by China