| Monday, 2nd September 2019, 8:17 am

യു.ഡി.എഫ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുന്നു; നിലപാട് മാറ്റി പി.ജെ ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പാലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടോം പുലികുന്നേലിനെ അംഗീകരിക്കില്ലെന്ന നിലപാട് മാറ്റി ചെയര്‍മാന്‍ പി.ജെ ജോസഫ്. യു.ഡി.എഫ് ഏത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ജോസഫ് പറഞ്ഞു.

നേരത്തെ, ജോസ് ടോമിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് എതിരെ ജോസഫ് രംഗത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമ്പോള്‍ വിജയസാധ്യത പരിഗണിച്ചില്ലെന്നും ജോസഫ് പക്ഷം പറഞ്ഞിരുന്നു.

അതേസമയം കെ.എം മാണിയുടെ ചിത്രം മാത്രം മതി വോട്ട് കിട്ടാനെന്നും പാലായിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പൂര്‍ണ അവകാശം ജോസ് കെ മാണിക്കാണെന്നും ജോസ് ടോം പുലിക്കുന്നേല്‍ പറഞ്ഞു.

പാലാക്കാരെ സംബന്ധിച്ച് മാണിയുടെ തുടര്‍ച്ച ആരാണെന്ന് മാത്രമേ നോക്കുവെന്നും മാണിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അദ്ദേഹം കാട്ടിത്തന്ന വഴിയിലൂടെ സഞ്ചരിക്കും. സ്‌കൂള്‍ പഠന കാലത്ത് തുടങ്ങിയതാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.എസ്.എസിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ജോസ് ടോം പുലിക്കുന്നേല്‍ മാണി കുടുംബത്തിന്റെ വിശ്വസ്തനാണ്. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ കൂടിയാണ് ഇദ്ദേഹം. കെ.എം മാണിയുടെ കുടുംബത്തില്‍ നിന്ന് ആരും സ്ഥാനാര്‍ത്ഥിയാകില്ലെന്ന് തോമസ് ചാഴിക്കാടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ് ജോസ് ടോം. യുഡിഎഫ് യോഗത്തിനു ശേഷമാണ് പ്രഖ്യാപനം.

DoolNews Video

 

We use cookies to give you the best possible experience. Learn more