| Wednesday, 21st February 2024, 12:56 pm

'ജമാ മസ്ജിദ് മങ്കേശ്വർ ക്ഷേത്രമാക്കി'; മെട്രോ സ്റ്റേഷന്റെ പേര് മാറ്റം യോഗിയുടെ നിർദേശത്തിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: ആഗ്രയിലെ ജമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് മാറ്റി സമീപത്തെ മങ്കമേശ്വർ ക്ഷേത്രത്തിന്റെ പേര് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സർവീസ് ഉദ്ഘാടനം നടക്കുന്നതിന് മുന്നോടിയായാണ് പുതിയ നീക്കം.

കഴിഞ്ഞ വർഷം ആഗ്രയിൽ സന്ദർശനം നടത്തിയപ്പോൾ ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷന് (യു.പി.എം.ആർ.സി) പേര് മാറ്റുവാൻ യോഗി നിർദേശം നൽകിയിരുന്നു.

ഫെബ്രുവരി 25നും 28നുമിടയിൽ മെട്രോ സർവീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നടത്താനിരിക്കുകയാണ്.

നിർദേശത്തെ തുടർന്ന് ജമാ മസ്ജിദ് മെട്രോ സ്റ്റേഷനെന്ന സൂചന ബോർഡുകളിൽ മങ്കമേശ്വർ മെട്രോ സ്റ്റേഷൻ എന്നാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പേര് നേരത്തെ മാറ്റിയിട്ടുണ്ടെന്നും ഇപ്പോഴാണ് സൈൻ ബോർഡുകളിൽ മാറ്റം വരുത്തിയതെന്നും യു.പി.എം.ആർ.സി ഡെപ്യൂട്ടി ജനറൽ മാനേജർ പഞ്ചനൻ മിശ്ര പറഞ്ഞു.

താജ് മഹൽ ഈസ്റ്റ് ഗേറ്റ് മുതൽ സിഖന്ദ്ര സ്മാരകം വരെയുള്ള 13 സ്റ്റേഷനുകളിൽ ആറാമത്തെതാണ് ജമാ മസ്ജിദ്.

പേരുമാറ്റത്തെ എതിർത്തത് നിരവധി സംഘടനകൾ രംഗത്ത് വന്നു.

പേര് മാറ്റുന്നതിനോടല്ല മറിച്ച് അതിന് പിന്നിലെ ഉദ്ദേശ്യത്തോടാണ് വിയോജിപ്പെന്ന് ഭാരതീയ മുസ്‌ലിം വികാസ് പരിഷത്ത് ചെയർമാൻ സാമി അഗായ് പറഞ്ഞു.

ഹിന്ദു വോട്ടുകൾ ലഭിക്കാനുള്ള രാഷ്ട്രീയ അവസരവാദമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

മാർച്ച്‌ ആദ്യ വാരം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നും സ്റ്റേഷന്റെ പേര് മാറ്റി മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്തിക്കൊണ്ട് ഹിന്ദു വോട്ടുകൾ നേടുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് മുസ്‌ലിം നേതാവ് ശരീഫ് കാല പറഞ്ഞു.

Content Highlight: Agra’s Jama Masjid metro station renamed ahead of service inauguration

We use cookies to give you the best possible experience. Learn more