| Thursday, 29th April 2021, 1:41 pm

എന്റെ അമ്മ മരിച്ചുപോകും, ദയവ് ചെയ്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുപോകരുത്; യു.പി പൊലീസിനോട് കേണപേക്ഷിച്ച് യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുമ്പോഴും ഓക്‌സിജനായി കേണപേക്ഷിച്ച് രോഗിയുടെ ബന്ധു. യു.പിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുതെന്ന് പൊലീസിനോട് കരഞ്ഞ് അപേക്ഷിക്കുന്നതിന്റെ ദാരുണ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

‘എന്റെ അമ്മ മരിച്ചുപോകും. ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുതേ. ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്’ -പൊലീസിനോട് രോഗിയുടെ ബന്ധു കരഞ്ഞ് അഭ്യര്‍ഥിക്കുന്നത് വീഡിയോയില്‍ കാണാം.

ആഗ്രയിലെ സ്വകാര്യ ആശുപത്രിക്ക് പുറത്താണ് സംഭവം. ഇയാള്‍ യാചിക്കുന്നതോടെ പൊലീസ് വഴിമാറി പോകുന്നതും രണ്ടുപേര്‍ ഓക്‌സിജന്‍ സിലിണ്ടറുമായി പോകുന്നതും വീഡിയോയിലുണ്ട്.

അതേസമയം ആശുപത്രിയില്‍നിന്ന് പൊലീസ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടുപോയെന്ന ആരോപണം ആഗ്ര പൊലീസ് നിഷേധിച്ചു.

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം എട്ട് പേരാണ് ഓക്‌സിജന്‍ ലഭിക്കാതെ യു.പിയില്‍ മരിച്ചത്.

ഇതിന് പിന്നാലെ ചില ആശുപത്രികള്‍ രോഗികള്‍ക്കാവശ്യമായ ഓക്‌സിജന്‍ അവരുടെ ബന്ധുക്കള്‍ തന്നെ കണ്ടെത്തണമെന്ന് പറഞ്ഞ് നോട്ടീസുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നായിരുന്നു ആദിത്യനാഥിന്റെ പ്രതികരണം.

നേരത്തെ മുത്തച്ഛന് ഓക്സിജന്‍ സഹായം തേടി ട്വീറ്റ് ചെയ്തതിന് യുവാവിനെതിരെ യു.പി പൊലീസ് ക്രിമിനല്‍ കേസെടുത്തിരുന്നു. ശശാങ്ക് യാദവ് എന്ന 26 കാരനെതിരെയാണ് പൊലീസ് കേസെടുത്തത്.

ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും മറിച്ച് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Agra man begs cops not to take away oxygen cylinder, video goes viral

Latest Stories

We use cookies to give you the best possible experience. Learn more