ഇന്ത്യന്‍ ആര്‍മിയെ കൊണ്ട് കൂടി കേന്ദ്രം കള്ളം പറയിപ്പിച്ചു, ജനങ്ങളെ പറ്റിച്ചു; അഗ്നിവീര്‍ നഷ്ടപരിഹാര വിവാദത്തില്‍ കോണ്‍ഗ്രസ്
national news
ഇന്ത്യന്‍ ആര്‍മിയെ കൊണ്ട് കൂടി കേന്ദ്രം കള്ളം പറയിപ്പിച്ചു, ജനങ്ങളെ പറ്റിച്ചു; അഗ്നിവീര്‍ നഷ്ടപരിഹാര വിവാദത്തില്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2024, 10:40 am

ന്യൂദല്‍ഹി: അഗ്‌നിവീര്‍ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ആര്‍മിയെ കൊണ്ട് കൂടി വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയിപ്പിച്ച കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇന്ത്യന്‍ ആര്‍മിയെ ഉപയോഗിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. ‘പാതി വെന്ത കാര്യങ്ങളാണ്’ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ ആര്‍മിയും പറഞ്ഞിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ജോലിക്കിടെ കൊല്ലപ്പെട്ട അഗ്നിവീര്‍ സൈനികന്‍ അജയ് കുമാറിന്റെ കുടുംബത്തിന് ഇതിനകം 98.39 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇന്ത്യന്‍ സൈന്യം കഴിഞ്ഞ ദിവസം അവരുടെ എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് എത്തിയത്.

‘പാതി സത്യങ്ങള്‍’ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ എ.ഡി.ജി.പി.ഐയുടെ ഹാന്‍ഡില്‍ ഉപയോഗിക്കുകയും ചെയ്‌തെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ജനുവരി 18 നാണ് കുഴിബോംബ് അഗ്നിവീര്‍ സൈനികര്‍ അജയ് കുമാര്‍ കൊല്ലപ്പെടുന്നത്. ലോക്‌സഭയിലെ തന്റെ ആദ്യ പ്രസംഗത്തില്‍ അഗ്നിവീര്‍ സൈനികരോട് കേന്ദ്രം പുലര്‍ത്തുന്ന അവഗണക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

അഗ്നിവീര്‍ സൈനികര്‍ക്ക് കേന്ദ്രം യാതൊരു രീതിയിലുള്ള ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്നും ജോലിക്കിടെ മരണപ്പെട്ടാല്‍ നഷ്ടപരിഹാരം പോലും കൊടുക്കുന്നില്ലെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് അഗ്നിവീര്‍ സൈനികര്‍ വെറും യൂസ് ആന്‍ഡ് ത്രോ മെറ്റീരിയല്‍ മാത്രമാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

എന്നാല്‍ ഇതിനെ ഖണ്ഡിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയെന്നായിരുന്നു രാജ്‌നാഥ് സിങ്ങ് പറഞ്ഞത്. ഇതിന് പിന്നാലെ അജയ് കുമാറിന്റെ കുടുംബം തന്നെ രംഗത്തെത്തി. ഒരു കോടി പോയിട്ട് ഒരു രൂപ പോലും തങ്ങള്‍ക്ക് സഹായം ലഭിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു. ഇതിന് പിന്നാലെയാണ് പണം നല്‍കിയെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യന്‍ ആര്‍മി വക്താവ് അദ്ദേഹത്തിന്റെ എക്‌സില്‍ രംഗത്തെത്തിയത്. 98 ലക്ഷം രൂപ അജയുടെ കുടുംബത്തിന് ലഭിച്ചിട്ടുണ്ടെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പുകമറ സൃഷ്ടിക്കുന്ന കേന്ദ്രത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ബി.ജെ.പി സര്‍ക്കാര്‍ അനിശ്ചിതത്വത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസിന്റെ മുന്‍ സൈനിക വിഭാഗം ചെയര്‍പേഴ്സണ്‍ കേണല്‍ രോഹിത് ചൗധരി ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘പാര്‍ലമെന്റില്‍, പ്രതിരോധമന്ത്രി രാജ്യത്തിന് മുന്നില്‍ അപൂര്‍ണ്ണമായ വിവരങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇത് സംശയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. പ്രധാന പ്രതിപക്ഷമെന്ന നിലയില്‍, സൈന്യത്തോടും അഗ്നിവീര്‍ സൈനികരോടും കേന്ദ്രം കാണിക്കുന്ന വിവേചനം ഉന്നയിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്, ‘അദ്ദേഹം പറഞ്ഞു.

അഗ്നിവീര്‍ സൈനികന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവിച്ചപ്പോള്‍, അഗ്നിപഥ് പദ്ധതിയിലും സാധാരണ സൈനികര്‍ക്കും നല്‍കുന്ന ശമ്പളത്തിലെ വ്യത്യാസം അദ്ദേഹം പറഞ്ഞില്ലെന്നും രോഹിത് ചൗധരി ചൂണ്ടിക്കാട്ടി.

‘ജോലിക്കിടെ മരണപ്പെടുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു, എന്നാല്‍ സാധാരണ സൈനികര്‍ക്ക് ഏകദേശം 2.4 കോടി രൂപ ലഭിക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം പറഞ്ഞില്ല. മാത്രമല്ല അഗ്നിവീര്‍ സൈനികര്‍ക്ക് ലഭിക്കുന്നത് 48 ലക്ഷം രൂപയാണ്. അത് ഇന്‍ഷുറന്‍സ് തുകയാണ്. ഇതേ സമയം ഒരു സാധാരണ സൈനികന് 75 ലക്ഷം രൂപ ലഭിക്കും. ഈ വ്യത്യാസങ്ങള്‍ രാജ്നാഥ് സിങ് പരാമര്‍ശിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

ആര്‍മി ഗ്രൂപ്പ് ഇന്‍ഷുറന്‍സിലൂടെ അഗ്നിവീര്‍ അജയുടെ കുടുംബത്തിന് 48 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ബാക്കി സംസ്ഥാന സര്‍ക്കാരും മറ്റ് സംഘനടകളും നല്‍കുന്ന തുകയാണ്. ഒരു കോടി രൂപ കേന്ദ്രം നല്‍കിയെന്ന വാദം പൂര്‍ണമായും തെറ്റാണ്,’ രാജ്‌നാഥ് സിങ് പറഞ്ഞു. ചില സങ്കീര്‍ണതകള്‍ സൃഷ്ടിച്ച് മോദി സര്‍ക്കാര്‍ ബോധപൂര്‍വം സത്യത്തെ മറച്ചുവെക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

‘മോദി സര്‍ക്കാര്‍ അര്‍ദ്ധസത്യങ്ങള്‍ പറയുന്നു. ബോധപൂര്‍വം സങ്കീര്‍ണതകള്‍ ഉണ്ടാകുന്നു. ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ എ.ഡി.ജി.പി.ഐയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ഉപയോഗിക്കുന്നു. ഇതിനെ അപലപിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍,’ അദ്ദേഹം പറഞ്ഞു.

അതേസമയം, വിവാദങ്ങള്‍ക്ക് പിന്നാലെ അജയുടെ കുടുംബത്തിന് ആദ്യ ഘട്ടമായി 48 ലക്ഷം രൂപ ലഭിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

‘ ഞങ്ങള്‍ക്ക് ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് 48 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിച്ചിട്ടുണ്ട്. സൈന്യത്തില്‍ നിന്ന് വന്ന തുകയാണെന്നാണ് അറിയുന്നത്. മുഴുവന്‍ തുക ഇതുവരെയും ലഭിച്ചിട്ടില്ല. 60 ലക്ഷം രൂപ കൂടി തരാമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ആ പണം ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എപ്പോള്‍ കിട്ടുമെന്ന് അറിയില്ല,’ അജയുടെ അച്ഛന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

Content Highlight: Agniveer Compansation Controversy congress against centre