| Saturday, 6th July 2024, 9:22 am

അഗ്നിപഥ് നടപ്പിലാക്കിയത് പെൻഷൻ ചെലവ് കുറയ്ക്കാൻ: വിമർശനവുമായി മുൻ നാവികസേന മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അഗ്നിപഥ് പദ്ധതി നടപ്പിലാക്കിയത് സൈനികർക്കുള്ള പെൻഷൻ ചെലവ് കുറക്കാനെന്ന് മുൻ നാവിക സേന മേധാവി. ജമ്മു കശ്മീരിൽ കുഴി ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിവീർ അജയ്കുമാറിന്റെ കുടുംബത്തിന് സർക്കാർ നൽകിയ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരവെയാണ് പുതിയ വെളിപ്പെടുത്തലുമായി മുൻ നാവികസേന മേധാവി കരംബീർ സിങ് എത്തിയത്.

അഗ്നിപഥ് പദ്ധതി സൈനികരുടെ പോരാട്ട വീര്യം കുറയ്ക്കുമെന്നും പെൻഷൻ ബിൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സർക്കാർ മുന്നോട്ട് വെച്ചതുമെന്നായിരുന്നു സിങ് പറഞ്ഞത്.

പുതിയ സ്കീമിനെക്കുറിച്ച് അടുത്തിടെ റിട്ടയേർഡ് നാവികസേനാ ഉദ്യോഗസ്ഥൻ അരുൺ പ്രകാശ് എഴുതിയ ട്വീറ്റിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘സമ്മതിക്കുന്നു സാർ, പെൻഷൻ ബിൽ കുറക്കുക എന്നതാണ് അഗ്നിപഥിന്റെ ലക്ഷ്യം. ഈ പദ്ധതി സൈനികരുടെ പോരാട്ട വീര്യം കുറയ്ക്കുമെന്ന വസ്തുത ദേശീയ സുരക്ഷയെക്കുറിച്ച് അറിയുന്ന എല്ലാവർക്കും മനസിലാക്കാവുന്നതാണ്,’ അദ്ദേഹം കുറിച്ചു.

2022 ജൂണിൽ എൻ.ഡി.എ സർക്കാർ പദ്ധതി പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് അഗ്നിപഥിനെ കുറിച്ചുള്ള ചർച്ചകളിൽ ഉൾപ്പെട്ട പ്രധാന വ്യക്തിയായിരുന്നു കരംബീർ സിങ്. അഗ്നിപഥിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ജനുവരിയിൽ ജമ്മു കശ്മീരിലെ നൗഷേരയിൽ കുഴിബോംബ് സ്ഫോടനത്തിൽ അഗ്നിവീർ അജയ്കുമാർ മരണപ്പെട്ടിരുന്നു. കുടുംബത്തിന് കേന്ദ്രത്തിൽ നിന്ന് നഷ്ടപരിഹാരമോ സഹായമോ ലഭിച്ചില്ലെന്ന വീഡിയോ രാഹുൽ ഗാന്ധി പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു സിങ്ങിന്റെ ഈ പരാമർശവും പുറത്ത് വന്നത്.

സൈന്യത്തിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള റിക്രൂട്ട്മെന്റ് സമ്പ്രദായത്തിൽ നിന്നുള്ള ഒരു പ്രധാന വ്യതിചലനമായിരുന്നു അഗ്നിപഥ് പദ്ധതി. ഈ പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യുന്ന സൈനികരെ നാല് വർഷത്തേക്ക് മാത്രമേ റിക്രൂട്ട് ചെയ്യുകയുള്ളൂ. പഴയ പദ്ധതിയിൽ ഉണ്ടായിരുന്ന ദീർഘകാല അവധി, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾ ഈ പദ്ധതിയിൽ സൈനികർക്ക് ലഭിക്കുകയില്ല.

പദ്ധതിക്കെതിരെ വിമർശനവുമായി നിരവധി സൈനിക മേധാവികൾ മുന്നോട്ടെത്തിയിരുന്നു. അഗ്നിപഥ് പദ്ധതി നാവികസേനക്കും വ്യോമസേനക്കും അപ്രതീക്ഷിത പ്രഹരമാണെന്ന് കരസേനാ മുൻ മേധാവി വി. മനോജ് മുകുന്ദ് നരവനെ വ്യക്തമാക്കിയിരുന്നു.

Content Highlight: Agnipath set to hit combat effectivness; ex navy chief

We use cookies to give you the best possible experience. Learn more