രാക്ഷസന്‍പാറ ഞങ്ങള്‍ അദാനിക്ക് വിട്ടുതരില്ല.. ഒന്നര വര്‍ഷമായി ഇഞ്ചപ്പാറ നിവാസികള്‍ സമരത്തിലാണ്
Land Rights
രാക്ഷസന്‍പാറ ഞങ്ങള്‍ അദാനിക്ക് വിട്ടുതരില്ല.. ഒന്നര വര്‍ഷമായി ഇഞ്ചപ്പാറ നിവാസികള്‍ സമരത്തിലാണ്
ജംഷീന മുല്ലപ്പാട്ട്
Wednesday, 31st October 2018, 1:11 pm

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലെ മനുഷ്യര്‍ക്ക് 14 വര്‍ഷത്തെ സമര ചരിത്രമുണ്ട്. വിജയിച്ചും പരാജയപ്പെട്ടും ഈ ജനത ഇന്നും അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്വാറികളും ക്രഷര്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണു കലഞ്ഞൂര്‍. കലഞ്ഞൂരിലെ സമരങ്ങള്‍ കേരളത്തിന്റെ മൊത്തത്തിലുള്ള ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഒരു പക്ഷെ കേരളത്തിലെ മറ്റു സ്ഥലങ്ങളില്‍ നടക്കുന്ന ക്വാറി, ക്രഷര്‍ വിരുദ്ധ സമരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നതും കലഞ്ഞൂരിലെ ജനകീയ സമരമാനെന്നു പറയാം.

1994ല്‍ ആദ്യത്തെ ക്രഷര്‍ യൂനിറ്റ് പഞ്ചായത്തില്‍ സ്ഥാപിക്കുമ്പോള്‍ തന്നെ ഇവിടുത്തുകാര്‍ സമരത്തിനിറങ്ങിയിരുന്നു. പൊടിപടലങ്ങളില്‍ കിടന്നു നരഗിച്ചു ജീവനും സ്വത്തിനും ഭീഷണിയായപ്പോഴാണ് ഇവര്‍ സമരമാര്‍ത്തിലേയ്ക്കെത്തിയത്. നിത്യചൈതന്യ യതിയാണ് സമരങ്ങള്‍ തുടങ്ങിവച്ചത്. “പാറയെ പൊടിച്ച് , ലോകത്തെ പൊടിച്ച് കളയുകയാണെന്ന്” പറഞ്ഞുകൊണ്ടാണ് അന്ന് യതി സമരം ആരംഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ കാലയളവില്‍ നിരന്തരമായി സമരം ചെയ്തു നാട്ടുകാര്‍ 130 ക്വാറികള്‍ പൂട്ടിച്ചു. ഇനിയും എട്ടോളം ക്വാറികളും അഞ്ചോളം ക്രഷര്‍ യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

Also Read:  റാഫേലില്‍ റിലയന്‍സിന്റെ പങ്ക് വ്യക്തമാക്കണം: സുപ്രീംകോടതി

കഴിഞ്ഞ ഒന്നര വര്‍ഷമായി കലഞ്ഞുരിലെ കൂടല്‍ വില്ലേജിലെ ഇഞ്ചപ്പാറ പ്രദേശത്തെ ആളുകള്‍ രാക്ഷസന്‍പാറ സംരക്ഷിക്കുന്നതിനു വേണ്ടി സമരം ചെയ്യുന്നു. ഒരേസമയം പൈതൃകവും ജൈവ സമ്പന്നതയും അവകാശപ്പെടുന്ന മല നിരകളാണ് രാക്ഷസന്‍പാറ. ഇതിനോട് ചേര്‍ന്നുള്ള കുറവന്‍കുറത്തിപ്പാറ, തട്ടുപാറ, പുലിപ്പാറ, കിള്ളിപ്പാറ തുടങ്ങിയവയും പൊട്ടിക്കല്‍ ഭീഷണിയിലാണ്. ഇവയെല്ലാം വനഭൂമിയോട് ചേര്‍ന്നുള്ള പാറകളുമാണ്. രാക്ഷസന്‍ പാറയിലാണ് നിത്യ ചൈതന്യ യതി എഴുതാനായി വന്ന് താമസിച്ചിരുന്നത്. പ്രാചീന കാലത്ത് ശ്രീരാമനും സീതയും വന്നു താമസിച്ചിരുന്ന മലയാണ് രാക്ഷസന്‍ പാറ എന്നും ഐതിഹ്യത്തില്‍ പറയുന്നുണ്ട്.

പ്രകൃതി വിഭവങ്ങള്‍ സംരക്ഷികേണ്ട സര്‍ക്കാര്‍ തന്നെയാണ് വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി രാക്ഷസന്‍ പാറ പൊട്ടിക്കുന്നത്. രാക്ഷസന്‍പാറ പൊട്ടിച്ചു തുടങ്ങിയാല്‍ അത് പ്രധാനമായും ബാധിക്കുന്നത് ഇഞ്ചപ്പാറയിലെ 250 കുടുംബങ്ങളെ ആണെന്ന് പ്രദേശവാസിയും സാമൂഹിക പ്രവര്‍ത്തകനുമായ വിശ്വംഭരന്‍ പറയുന്നു. കൂടാതെ ഇവിടെ ഒരു ക്രഷര്‍ യൂനിറ്റ് തുടങ്ങാന്‍ പത്തനാംപുറം സ്വദേശിയായ ജോബിന്‍ വര്‍ഗീസ വിവിധ സര്‍ക്കാര്‍ ഒഫീസുകളില്‍ ലൈസന്‍സിന് വേണ്ടി അപേക്ഷയും നല്‍കിയിട്ടുണ്ടെന്ന് വിശ്വംഭരന്‍ പറയുന്നു.

Also Read:  മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്;കേസ് പിന്‍വലിക്കില്ലെന്ന് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

പില്‍ഗ്രിം എംസാന്റ് ആന്‍ഡ് ഗ്രാനൈറ്റ് എന്നാ പേരിലാണ് ക്രഷര്‍ യൂനിറ്റ് ലൈസന്‍സ് ഉള്ളത്. ഇദ്ദേഹത്തിനു കൂടല്‍ വില്ലേജിലെ തന്നെ അതിരങ്കല്‍ പടപ്പാറതലത്ത് ക്രഷര്‍ യൂനിറ്റ് ഉണ്ടായിരുന്നു. അവിടുത്തെ പാറ പൊട്ടിച്ചു കഴിഞ്ഞതിനു ശേഷമാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്- വിശ്വംഭരന്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ഈ പ്രദേശത്തു ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി വീട് തകരുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ജില്ലാ കലക്ടര്‍ക്ക് രാക്ഷസപാറ പൊട്ടിക്കാനുള്ള നടപടി ക്രമങ്ങള്‍ നടപ്പാക്കാനുള്ള നിര്‍ദേശം കൊടുത്തിട്ടുണ്ട്. രാക്ഷസന്‍ പാറ സംരക്ഷിക്കണം എന്നവാശ്യപ്പെട്ട് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഒരു പരിഹാരവും ഉണ്ടായില്ല.

അതേസമയം, വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി പുലിമുട്ട് നിര്‍മ്മിക്കാനാവശ്യമായ പാറകള്‍ ലഭ്യമാക്കുന്നതിന് അദാനി ഗ്രൂപ്പ് 11 ക്വാറികള്‍ക്കാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. തിരുവനന്തപുരത്ത് ആറും കൊല്ലം ജില്ലയില്‍ മൂന്നും പത്തനംതിട്ടയില്‍ രണ്ടും ക്വാറികള്‍ക്കുള്ള അപേക്ഷയാണ് സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതി എന്ന നിലക്ക് മുന്‍ഗണ നല്‍കി എത്രയും വേഗം എന്‍.ഒ.സി കള്‍ അനുവദിച്ച് നല്‍കണമെന്ന് അതത് ജില്ലാ കളക്ടര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ രാക്ഷസന്‍പാറയിലും കള്ളിപ്പാറയിലും ഭൂമി അളന്നുതിരിക്കാന്‍ വന്നെങ്കിലും നാട്ടുകാര്‍ പ്രതിഷേധിച്ച് തിരിച്ചയച്ചു. എന്നാല്‍ അദാനി ഗ്രൂപ്പിന് ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി ലഭിച്ചിട്ടുള്ളതിനാല്‍ നിയമപരമായി ഇതിനെ

Also Read:  പട്ടേല്‍ പ്രതിമ അനാച്ഛാദനം; പ്രതിഷേധം ഭയന്ന് ട്രൈബല്‍ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തു

തടയുക എളുപ്പമല്ല എന്ന് നാട്ടുകാര്‍ പറയുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പുലിമുട്ടുകള്‍ നിര്‍മ്മിക്കണമെങ്കില്‍ പാറകള്‍ വേണം. പാറകള്‍ ലഭിക്കാത്തത് കൊണ്ടു മാത്രമാണ് പദ്ധതി നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന് കരാര്‍ എടുത്തിരിക്കുന്ന അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ പലതവണയായി അറിയിച്ചിരുന്നു. എന്നാല്‍ ആ പ്രശ്നം പരിഹരിക്കാനായി അദാനി കമ്പനി അപേക്ഷ സമര്‍പ്പിച്ചാലുടന്‍ നടപടികള്‍ വേഗത്തിലാക്കി അതിവേഗം എന്‍.ഒ.സികള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

പത്തനംതിട്ട ജില്ലയില്‍ ചെറുതും വലുതുമായ 352 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇത് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കണക്കല്ല, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കയ്യില്‍ “കഴിഞ്ഞ വര്‍ഷം ലൈസന്‍സ് നല്‍കിയതോ, ലൈസന്‍സ് പുതുക്കി നല്‍കിയതോ ആയ ക്വാറികളുടെ കണക്ക് മാത്രമാണ് ഉള്ളതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ജില്ലയില്‍ ഏറ്റവും അധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് കോന്നി താലൂക്കിലാണ്. പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമടക്കം ഏറ്റവും അധികം നാശം വിതച്ച സ്ഥലങ്ങളിലൊന്നാണ് കോന്നി താലൂക്ക്. നൂറ്റമ്പതിലധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് കോന്നി താലൂക്കിനുള്ളിലാണ്.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം