| Saturday, 16th November 2024, 4:40 pm

സി.ആര്‍.പി.എഫുമായുള്ള ഏറ്റുമുട്ടലില്‍ 10 ആദിവാസികള്‍ കൊല്ലപ്പെട്ട സംഭവം; മണിപ്പൂരില്‍ പ്രക്ഷോഭം ശക്തമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: സംസ്ഥാനത്തെ പത്ത് ആദിവാസി ഗ്രാമതലവന്മാരെ സുരക്ഷാ സേന കൊലപ്പെടുത്തിയ സംഭവത്തില്‍ മണിപ്പൂരില്‍ പ്രക്ഷോഭം. ജിരിബാം ജില്ലയിലെ ആദിവാസി വളണ്ടിയര്‍മാരെയാണ് സൈന്യം കൊലപ്പെടുത്തിയത്.

ആദിവാസി നേതാക്കളെ കൊലപ്പെടുത്തിയ നടപടിക്കെതിരെ നാല് മണിക്കൂര്‍ നീണ്ടുനിന്ന പ്രതിഷേധ റാലികളാണ് മണിപ്പൂരിലുണ്ടായത്. നവംബര്‍ 11നാണ് പ്രതിഷേധത്തിന് ആസ്പദമായ സംഭവം നടന്നത്.

സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലാണ് വളണ്ടിയര്‍മാര്‍ കൊല്ലപ്പെട്ടത്. ജകുരധോറില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പിലെ പത്ത് ആളുകളെ സി.ആര്‍.പി.എഫ് തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് മണിപ്പൂര്‍ പൊലീസ് പറയുന്നത്.

ഇതിനെതിരെ ആദിവാസി സമുദായക്കാരായ ആയിരക്കണക്കിന് ആളുകളാണ് മണിപ്പൂരില്‍ പ്രതിഷേധം നടത്തിയത്. ചുരാചന്ദ്പൂര്‍, കാങ്പോക്പി, ചന്ദേല്‍, തെങ്നൗപാല്‍ എന്നീ ജില്ലകളില്‍ അടക്കമാണ് സൈന്യത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം നടന്നത്.

‘ഞങ്ങള്‍ക്ക് വേണ്ടത് നീതി’ എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് സി.ആര്‍.പി.എഫിനും മണിപ്പൂര്‍ പൊലീസിനുമെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുകയും ഉണ്ടായി.

കുക്കി വിമൺസ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം ഉണ്ടായത്. ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

തീവ്രവാദികളെന്ന് മുദ്രകുത്തി സുരക്ഷാ സേന കൊലപ്പെടുത്തിയ പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലെ ജനങ്ങളെ സംരക്ഷിക്കുന്ന വളണ്ടിയര്‍മാര്‍ മാത്രമാണെന്ന് കുക്കി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് മിന്‍ലാല്‍ ഒരു പ്രതിഷേധ സമ്മേളനത്തില്‍ പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ബുധനാഴ്ച സില്‍ചാര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൃതദേഹങ്ങള്‍ ഉടന്‍ വിട്ടുനല്‍കണമെന്നും അന്തസോടെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ആദിവാസി സംഘടനകള്‍ പറഞ്ഞു.

ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സംഘടനകള്‍ കത്തയച്ചതായാണ് വിവരം. നിയമവാഴ്ച നിലനില്‍ക്കണമെന്നും പൗരന്മാരുടെ സംരക്ഷണം ഉറപ്പുനല്‍കുന്നവര്‍ക്ക് പെരുമാറ്റചട്ടം നടപ്പിലാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Agitation in Manipur over the killing of ten tribal village heads by security forces

We use cookies to give you the best possible experience. Learn more