തന്റെ പുതിയ ചിത്രം ഏജന്റ് വിനോദ് ജെയിംസ് ബോണ്ട് ചിത്രത്തിന്റെ ബോളിവുഡ് വേര്‍ഷന്‍ അല്ലെന്ന് സെയ്ഫ് അലിഖാന്‍. എജന്റ് വിനോദിന്റെ പോസ്റ്ററുകള്‍ ചിത്രം ജെയിംസ് ബോണ്ടിന്റെ ബോളിവുഡ് വേര്‍ഷനാണെന്ന സംശയം ഉയര്‍ത്തുന്നതായിരുന്നു. എന്നാല്‍ ഈ രണ്ടു ചിത്രങ്ങളെയും താരതമ്യം ചെയ്യുന്നതു തന്നെ തെറ്റാണെന്നാണ് സെയ്ഫ് പറയുന്നത്.
” ഏജന്റ് വിനോദ് ജെയിംസ് ബോണ്ടിനെ പോലയേ അല്ല. ഇതൊരു ആക്ഷന്‍ ചിത്രമാണ്. പക്ഷെ ജയിംസ്‌ബോണ്ടുമായി സാമ്യമില്ല” സെയ്ഫ് വ്യക്തമാക്കി.
ഏജന്റ് വിനോദിന്റെ രണ്ടാം ഭാഗം ഒരുക്കാനും തനിക്ക് പദ്ധതിയുണ്ടെന്ന് സെയ്ഫ് വെളിപ്പെടുത്തി. ” ഏജന്റ് വിനോദിന്റെ രണ്ടോ മൂന്നോ ഭാഗങ്ങള്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ ശ്രീറാം രാഘവനും താല്‍പര്യമുണ്ടെങ്കിലേ അതു നടക്കൂ” സെയ്ഫ് പറഞ്ഞു.
സെയ്ഫ് അലിഖാന്റെ സ്വന്തം നിര്‍മാണകമ്പനിയായ ഇല്യൂമിനേറ്റി ഫിലിംസ് ലവ് ആജ് കല്‍ നു ശേഷം പുറത്തിറക്കുന്ന ചിത്രമാണിത്. ഷാരൂഖിന്റെ ഡോണ്‍ 2 വിനു ശേഷം ബോളിവുഡില്‍ പുറത്തിറങ്ങുന്ന ആക്ഷന്‍ത്രില്ലറാണിതത്. അമിതാഭ് ഭട്ടാചാര്യ, നിലേശ് മിശ്ര എന്നിവരാണ് ഏജന്റ് വിനോദിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതിയത്.
ചിത്രത്തിലെ ഒരു ഗാനം ബോണി എം. ബാന്‍ഡിന്റെ റാ റാ റാസ്പുടിന്‍ ലവര്‍ ഓഫ് റഷ്യന്‍ ക്യൂന്‍ എന്ന ഗാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയതാണെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രീതം ചക്രബോര്‍തി സംഗീതം നല്‍കിയ ഗാനങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ലവ് ആജ് കല്‍ എന്ന ചിത്രത്തിലും പ്രീതം ചക്രബോര്‍തിയാണ് സംഗീതം നിര്‍വഹിച്ചത്. എന്നാല്‍ ബോണി എം. എന്ന പഴയകാല പോപ് ബാന്‍ഡിന്റെ റസ്പുടിന്‍… എന്ന ഗാനവുമായി ചിത്രത്തിലെ ഗാനത്തിന് സാമ്യമുണ്ടെന്ന വിവാദങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ആദ്യം തന്നെ പ്രചരണമുണ്ടായിരുന്നു.