| Friday, 15th July 2022, 5:44 pm

ഇത് ഡാന്‍സ് കളിച്ച് വെടിവെക്കുന്ന നായകന്‍; മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന ഏജന്റ് ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏജന്റിന്റെ ടീസര്‍ പുറത്ത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈനിക ഉദ്യോഗസ്ഥനായ മമ്മൂട്ടിയില്‍ നിന്നുമാണ് ടീസര്‍ തുടങ്ങുന്നത്. ഒരു ക്രിമിനലിനെ പിടിക്കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടിയുടെ കഥാപാത്രം.

പിന്നാലെ ‘ അണ്‍പ്രഡിക്റ്റബിളായ’ ഈ ക്രിമിനലായി അഖില്‍ അക്കിനേനി എത്തുകയാണ്. തുടര്‍ന്ന് ലാര്‍ജര്‍ ദാന്‍ ലൈഫ് സ്റ്റൈലിലുള്ള ആക്ഷന്‍ രംഗങ്ങളിലൂടെയാണ് ടീസര്‍ കടന്നുപോകുന്നത്.

പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം സുരേന്ദര്‍ റെഡ്ഢിയാണ് സംവിധാനം ചെയ്യുന്നത്. ഹിപ്‌ഹോപ്പ് തമിഴയാണ് സംഗീതം ഒരുക്കുന്നത്.

ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്.

2019ല്‍ പുറത്തിറങ്ങിയ യാത്രയാണ് മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച തെലുങ്ക് ചിത്രം. പുഴുവാണ് ഒടുവില്‍ മലയാളത്തിലെത്തിയ മമ്മൂട്ടി ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റൊഷാക്ക് എന്നിവയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

Content Highlight: Agent Teaser starring Mammootty and Akhil Akkineni

Latest Stories

We use cookies to give you the best possible experience. Learn more