ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളാണ് ലയണല്‍ മെസി. മെസിയുടെ കാലഘട്ടത്തിന് ശേഷം താരത്തിന്റെ പിന്‍ഗാമിയായി കണക്കാക്കാന്‍ പറ്റിയ താരങ്ങളുടെ എണ്ണം തുച്ഛമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
എന്നാല്‍ നോര്‍വീജിയന്‍ യുവതാരം എര്‍ലിങ് ഹാലണ്ടും ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുമൊക്കെ മെസിയുടെ പിന്‍ഗാമികളാണ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് സജീവമാണ്.
എന്നാല്‍ ഹാലണ്ടല്ല ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയുടെ നൈജീരിയന്‍ യുവതാരമായ വിക്ടര്‍ ഒസിമെനാണ് മെസിയുടെ പിന്‍ഗാമിയും താരത്തിന് പറ്റിയ പകരക്കാരനുമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ ഏജന്റായ ആന്‍ഡ്രിയെ ഡി അമീക്കോ.
റേഡിയോ 24ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമീക്കോ ഒസിമെന്റെ കളി മികവിനെയും അദ്ദേഹത്തിന്റെ കളിക്ക് മെസിയോടുള്ള സാമ്യതയെക്കുറിച്ചും സംസാരിച്ചത്.
‘നിലവില്‍ ഒസിമെനാണ് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍. തീര്‍ച്ചയായും അദ്ദേഹം ഹാലണ്ടിനേക്കാളും മികച്ച താരമാണ്. അദ്ദേഹത്തിന് കൂടുതല്‍ ഓപ്ഷനുകള്‍ കളിക്കാനായി ലഭിച്ചിരുന്നില്ല. ഇംഗ്ലീഷ് ക്ലബ്ബുകളും പി.എസ്.ജിയുമൊന്നും തങ്ങളുടെ കണ്‍മുമ്പിലുള്ള മികച്ചൊരു താരത്തെ കണ്ടില്ല,’ ആന്‍ഡ്രിയെ ഡി അമീക്കോ പറഞ്ഞു.
നാപ്പോളിക്കായി മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഒസിമെനെ 150 മില്യണ്‍ യൂറോക്ക് തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. കൂടാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും താരത്തിനെ വാങ്ങാനായി ശ്രമം നടത്തുന്നെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
2020ലാണ് ലോസ്‌ക്ക് ലില്ലിയില്‍ നിന്നും ഒസിമെന്‍ നാപ്പോളിയിലേക്കെത്തുന്നത്. 75 മില്യണ്‍ യൂറോക്കായിരുന്നു രണ്ട് വര്‍ഷത്തെ കരാറില്‍ ഒസിമെന്‍ ഫ്രാന്‍സില്‍ നിന്നും ഇറ്റലിയിലേക്കെത്തിയത്.
Content Highlights: Agent relates Victor Osimhen praises to Lionel Messi