കലിപ്പ് ലുക്കില്‍ മേജര്‍ മഹാദേവന്‍; പുതിയ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി
Entertainment news
കലിപ്പ് ലുക്കില്‍ മേജര്‍ മഹാദേവന്‍; പുതിയ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th April 2023, 8:16 pm

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിച്ച പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്റിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പോസ്റ്റര്‍ പങ്കുവച്ചത്.

‘ഡെവിള്‍’ എന്ന ടൈറ്റിലില്‍ ദയയില്ലാത്ത രക്ഷകനായാണ് മേജര്‍ മഹാദേവന്റെ ആദ്യ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇപ്പോള്‍ മമ്മൂട്ടി പുറത്തുവിട്ട പോസ്റ്ററില്‍ മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ‘മേജര്‍ മഹാദേവനെ’യാണ് കാണാനാകുന്നത്. ലോകവ്യാപകമായി നാളെയാണ് ഏജന്റ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

അഖില്‍ അക്കിനേനിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാഗാര്‍ജുന അക്കിനേനി ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ മമ്മൂട്ടിയെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.

 

‘സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മമ്മൂട്ടി വളരെയധികം ശ്രദ്ധിക്കുന്നുണ്ട്, അദ്ദേഹം ഏജന്റില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയപ്പോള്‍ തന്നെ ഏജന്റ് ബ്ലോക്ക്ബസ്റ്റര്‍ ആണെന്ന കാര്യം ഉറപ്പായതാണ്,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിങ്. മമ്മൂട്ടിയുടെ ഡബ്ബിങ്് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.


വളരെ സ്പഷ്ടമായി തെലുങ്ക് സംഭാഷണങ്ങള്‍ പറയുന്ന മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം ക്യാമറയില്‍ നോക്കി മമ്മൂട്ടി ചിരിക്കുന്നതും കാണാന്‍ കഴിയും. വീഡിയോക്ക് താഴെ ആരാധകരുടെ തള്ളികയറ്റമാണ്.

ഒട്ടേറെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. മമ്മൂട്ടി ‘റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനാ’യും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖില്‍ അക്കിനേനിയുമെത്തുന്ന ഏജന്റ് പാന്‍ ഇന്ത്യന്‍ ചിത്രമായി ബിഗ് ബജറ്റിലാണ് പൂര്‍ത്തിയായത്.

സാക്ഷി വൈദ്യയാണ് ഫീമെയ്ല്‍ ലീഡ് റോള്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ‘ദി ഗോഡ്’ എന്ന നിര്‍ണ്ണായക വേഷത്തില്‍ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്.

ഹിപ്പ് ഓപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഏജന്റിന് ക്യാമറ ചലിപ്പിച്ചത് റസൂല്‍ എല്ലൂരണ് ആണ്. എഡിറ്റര്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നവീന്‍ നൂലിയാണ്.

കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. മികച്ച ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായിട്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.

content highlight: agent poster out