| Friday, 22nd September 2023, 3:56 pm

വൈല്‍ഡ് സാലാ ഒ.ടി.ടിയിലേക്ക്; മമ്മൂട്ടി- അഖില്‍ അക്കിനേനി ചിത്രം ഏജന്റ് ഒ.ടി.ടി റിലീസ് ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിച്ച ഏജന്റ് എന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്. സെപ്റ്റംബര്‍ 29ന് ചിത്രം സോണി ലിവില്‍ സ്ട്രീം ചെയ്ത് തുടങ്ങും.

അഖില്‍ അക്കിനേനിക്കൊപ്പം മമ്മൂട്ടിയും പ്രധാന കഥാപാത്രമായെത്തിയ ഏജന്റ് വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയതെങ്കിലും പ്രതീക്ഷിച്ച പോലെയുള്ള പ്രകടനം നല്‍കാനായിരുന്നില്ല. വ്യാപക വിമര്‍ശനങ്ങളേയും തിയേറ്റര്‍ പരാജയത്തെ തുടര്‍ന്നും നിര്‍മാതാവ് അനില്‍ സുങ്കര ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു.

ഏജന്റ് ഞങ്ങള്‍ക്ക് പറ്റിയൊരു തെറ്റാണ്, ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല’ എന്നായിരുന്നു അനില്‍ സുങ്കര പ്രതികരിച്ചിരുന്നത്.

ഏജന്റിന്റെ പരാജയത്തില്‍ പ്രതികരണവുമായി അഖില്‍ അക്കിനേനിയും രംഗത്തെത്തിയിരുന്നു. കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും സിനിമ പ്രതീക്ഷിച്ചതുപോലെ പ്രേക്ഷകരോട് സംവദിച്ചില്ലെന്നും ഒരു നല്ല സിനിമ നല്‍കാനായില്ലെന്നുമാണ് അഖില്‍ പറഞ്ഞത്.

എ.കെ. എന്റര്‍ടൈന്മെന്റ്സിന്റെ ബാനറില്‍ സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായത്. റസൂല്‍ എല്ലൂരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴയാണ് സംഗീതം ഒരുക്കിയിരുന്നത്.

എ.കെ. എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയുമാണ് ചിത്രം നിര്‍മിച്ചത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ഏജന്റ് തിയേറ്ററുകളിലെത്തിയത്.

Content Highlight: Agent movie ott release date

We use cookies to give you the best possible experience. Learn more