|

നായകന്റെ മുകളില്‍ നില്‍ക്കുന്ന കഥാപാത്രമാണെന്ന് പറഞ്ഞപ്പോള്‍ ഇത്രക്ക് പ്രതീക്ഷിച്ചില്ല, ഒ.ടി.ടി റിലീസിന് പിന്നാലെ ട്രോള്‍ മഴയുമായി ഏജന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്യഭാഷകളില്‍ നായകന്റെ സൈഡാകുന്ന കഥാപാത്രങ്ങള്‍ ഒരിക്കലും തെരഞ്ഞെടുക്കാത്ത നടനാണ് മമ്മൂട്ടി. പവന്‍ കല്യാണിന്റെ വില്ലനാകാന്‍ വിളിച്ചപ്പോള്‍ സംവിധായകനോട് മമ്മൂട്ടി ദേഷ്യപ്പെട്ട കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അംബേദ്കറായി വേഷമിട്ട് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിക്ക് തന്റെ സ്റ്റാര്‍ഡത്തെപ്പറ്റി നല്ല ബോധ്യമുണ്ടെന്നാണ് പലരും പറയുന്നത്.

എന്നാല്‍ മമ്മൂട്ടിയും അഖില്‍ അക്കിനേനിയും പ്രധാനവേഷത്തിലെത്തിയ ഏജന്റ് എന്ന ചിത്രം ഇതിനെയെല്ലാം കാറ്റില്‍ പറത്തിയ ഒന്നായിരുന്നു. അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തിയ ചിത്രം തിയേറ്ററില്‍ വന്‍ പരാജയമായി മാറി. മുടക്കുമുതല്‍ പോലും കിട്ടാതെയാണ് ഏജന്റ് തിയേറ്റര്‍ വിട്ടത്. റിലീസ് ചെയ്ത് രണ്ടരവര്‍ഷത്തിന് ശേഷമാണ് ഏജന്റ് ഒ.ടി.ടിയിലെത്തിയത്.

ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിന് ട്രോള്‍മഴയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ചിത്രത്തിലെ പല സീനുകളെയും ട്രോളന്മാര്‍ കീറിമുറിക്കുന്നുണ്ട്. ഇത്തരമൊരു ചിത്രത്തിന് ഓക്കെ പറഞ്ഞ മമ്മൂട്ടിയാണ് ട്രോളന്മാരുടെ പ്രധാന ഇര. ഈയടുത്ത് വന്ന പല പാന്‍ ഇന്ത്യന്‍ ആക്ഷന്‍ സിനിമകളിലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഇനമായ മെഷീന്‍ ഗണ്‍ സീന്‍ ഏജന്റിലുമുണ്ട്.

മമ്മൂട്ടിയുടെ മെഷീന്‍ ഗണ്‍ ഫയറിങ്ങിന് വന്‍ ട്രോളാണ് ലഭിക്കുന്നത്. മില്ലില്‍ അരി പൊടിക്കുമ്പോള്‍ നില്‍ക്കുന്നതുപോലെ നില്‍ക്കുന്നു എന്നൊക്കെയാണ് ഈ സീനിനെ വിശേഷിപ്പിക്കുന്നത്. അഖില്‍ അക്കിനേനിയുടെ കഥാപാത്രത്തിന്റൈ തോളില്‍ മമ്മൂട്ടി ചവിട്ടി നില്‍ക്കുന്ന സീനിനും ട്രോള്‍ ലഭിക്കുന്നുണ്ട്. ‘നായകന് മുകളില്‍ നില്‍ക്കുന്ന കഥാപാത്രമാണെന്ന് പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല’ എന്നാണ് ഈ സീനിന് വന്ന രസകരമായ കമന്റ്.

റിക്കി എന്ന സ്‌പൈ ഏജന്റായാണ് അഖില്‍ ഏജന്റില്‍ വേഷമിട്ടത്. റിക്കിയുടെ ചീഫ് ആയ കേണല്‍ മഹാദേവനായാണ് മമ്മൂട്ടി എത്തിയത്. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ റിക്കിയുടെ വെടി കൊണ്ട ശേഷം മമ്മൂട്ടിയുടെ റിയാക്ഷനും ട്രോളിനുള്ള സീനായി മാറുന്നുണ്ട്. കാപ്പാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് ലഭിച്ചതുപോലെ മോശം കഥാപാത്രമാണ് മമ്മൂട്ടിക്ക് തെലുങ്കില്‍ ലഭിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

സുരേന്ദര്‍ റെഡ്ഡിയാണ് ഏജന്റ് സംവിധാനം ചെയ്തത്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാതെ ഷൂട്ടിങ് ആരംഭിച്ചതാണ് ചിത്രത്തിന്റെ പരാജയത്തിന് കാരണമെന്ന് സംവിധായകന്‍ റിലീസിന് ശേഷം പറഞ്ഞിരുന്നു. ചിത്രത്തിനായി അഖില്‍ അക്കിനേനി നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ വലിയ ചര്‍ച്ചയായിരുന്നു. 85 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് 50 കോടി പോലും നേടാന്‍ സാധിച്ചില്ല.

Content Highlight: Agent Movie gets troll in social media after OTT release

Latest Stories